എവേ മത്സരത്തിൽ മോഹൻ ബഗാനോട് പൊരുതിത്തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ 3-2നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. തോൽവിയിൽനിന്ന് തിരച്ചുവന്ന് ലീഡ് നേടിയെങ്കിലും അവസാന സമയത്ത് ബഗാന്റെ മുന്നേറ്റത്തെ തടയാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. തുടർ തോൽവികൾ കാരണം ജയത്തോടെ തിരിച്ചുവരാൻ ആഗ്രഹിച്ച ബ്ലാസ്റ്റേഴ്സ് ജയം മാത്രം ലക്ഷ്യമിട്ടായിരുന്നു കളത്തിലിറങ്ങിയത്.
ജിമെനസിനെ സ്ട്രൈക്കിൽ നിർത്തി 5-4-1 ഫോർമേഷനിലായിരുന്നു ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ മേധാവിത്തം പുലർത്തിയ മോഹൻ ബഗാൻ 33ാം മിനുട്ടിൽ ജാമി ക്ലാരനിലൂടെ ആദ്യ ഗോൾ നേടി ബ്ലാസ്റ്റേഴ്സിനെ സമ്മർദലത്തിലാക്കി. ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ പിന്നീട് ഗോളൊന്നും പിറന്നില്ല.
രണ്ടാം പകുതിയിൽ ഗോൾ മടക്കി ബ്ലാസ്റ്റേഴ്സ് ബഗാനെ ചലഞ്ച് ചെയ്തു. 51ാം മിനുട്ടിൽ ജീസസ് ജിമനസായിരുന്നു ഗോൾ മടക്കി മത്സരം സമനിലയിലാക്കിയത്. പിന്നീട് ശക്തമായി പൊരുതിയ മഞ്ഞപ്പട അധികം വൈകാതെ രണ്ടാം ഗോളും നേടി ലീഡ് സ്വന്തമാക്കി. 77ാം മിനുട്ടിൽ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചായിരുന്നു ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോൾ നേടിയത്.
എന്നാൽ പകരക്കാരനായി കളത്തിലെത്തിയ ജേസൻ കമ്മിങ്സ് 86ാം മിനുട്ടിൽ ഗോൾ മടക്കിയതോടെ മത്സരം സമനിലയിലായി. മത്സരം സമനിലയിലായതോടെ മാനസികമായി തകർന്ന ബ്ലാസ്റ്റേഴ്സിനെ ശക്തമായ മുന്നേറ്റത്തിലൂടെ ബഗാൻ വീണ്ടും പ്രഹരിച്ചു. 95ാം മിനുട്ടിൽ ആൽബർട്ടോ റോഡ്രിഗസിന്റെ ഗോൾ ബഗാൻ അന്തിമ വിജയം നേടുകയും ചെയ്തു.
ജയിച്ചതോടെ 11 മത്സരത്തിൽനിന്ന് 26 പോയിന്റുള്ള ബഗാൻ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 12 മത്സരത്തിൽനിന്ന് 11 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തുമുണ്ട്.