തുടർച്ചയായ തോൽവികൾ നൽകിയ തിരച്ചടികളുമായി കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും സ്വന്തം തട്ടകത്തിൽ ആരാധകർക്ക് മുന്നിൽ ചെന്നൈയിൻ എഫ്.സി ക്കെതിരേ കളത്തിലിറങ്ങുന്നു. ഇന്ത്യൻ സൂപ്പർലീഗ് ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം ഇനിയെങ്കിലും പുറത്തെടുത്ത് നിലനിൽപ്പിനായുള്ള പോരാട്ടം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കഴിഞ്ഞ മൂന്ന് സീസണിലും പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെ കീഴിൽ പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത് ആകെ തോറ്റത് വരലിൽ എണ്ണാവുന്ന മത്സരങ്ങളാണ്. കരുത്തരായ മുംബൈയെയും ഗോവയേയും ബാംഗ്ലൂരിനെയും അടക്കം കൊച്ചിയിൽ കൊമ്പന്മാർ മലർത്തി അടിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ആദ്യ എട്ട് മത്സരങ്ങൾ കഴിയുമ്പോൾ പോയിന്റ്
ടേബിളിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഇതുവരെ എട്ട് മത്സരങ്ങൾ കളിച്ച് പത്താം സ്ഥാനത്താണ് നിൽക്കുന്നത്. ടീം അവസാനമായി ലീഗിൽ ഒരു വിജയം സ്വന്തമാക്കിയിട്ട് ഒരു മാസം പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞ ഒക്‌ടോബർ 20ന് മുഹമ്മദൻസ് സ്‌പോർട്ടിങ് ക്ലബ്ബുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് അവസാനമായി ജയിച്ചത്. പിന്നാലെ തുടർച്ചയായ മൂന്ന് തോൽവികൾ.
അതിൽ അവസാന ഹോം മത്സരത്തിൽ ദുർബലരായ ഹൈദരാബാദിനോടേറ്റ തോൽവി വലിയ നാണക്കേടായി. പരിശീലകൻ മൈക്കിൾ സ്റ്റാറെയുടെ കസേരയ്ക്ക് ചലനമുണ്ടാകുമെന്ന സൂചനകളുമുണ്ട്. ഇനിയും തുടർ തോൽവികളാണെങ്കിൽ സ്റ്റാറെയെ പുറത്താക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നിർബന്ധിതരായേക്കും. ലൂണ അടക്കമുള്ള മുൻനിരതാരങ്ങളുടെ ഫോം ഇല്ലായ്മ്മയാണ് ടീമിനെ വലയ്ക്കുന്നത്.
പരുക്കിന് ശേഷം തിരികെയെത്തി പന്ത് തട്ടിയ ലൂണ പഴയ പ്രതാപത്തിന്റെ നിഴൽരൂപമായി ഒതുങ്ങുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയമായി കളി നിയന്ത്രിച്ചിരുന്ന ലൂണ മങ്ങിയത് ടീമിനെ ഒന്നാകെ ബാധിക്കുന്നുണ്ട്. എങ്കിലും ജീസസ് ജിമിനെസും നോവ സദോയിയും ഗോൾ അടിക്കുന്നത് ടീമിന് ആശ്വാസമാകുന്നുമുണ്ട്. പരുക്ക് മാറി കളി തുടങ്ങിയ നോവ ഇന്ന് ആദ്യഇലവനിൽ ഇറങ്ങുമെന്ന് ഉറപ്പാണ്.
ചുവപ്പ്കാർഡ് കണ്ട് പുറത്തിരുന്ന ക്വാമി പെപ്രയും ഇന്ന് മടങ്ങിയെത്തിയേക്കും. ഗോൾബാറിന് കീഴിൽ പകരക്കാരനെ ആശ്രയിക്കേണ്ട അവസ്ഥയിൽ നിന്ന് ഇന്ന് ബ്ലാസ്റ്റേഴ്‌സിന് മോചനമുണ്ടായേക്കും. ഒന്നാം നമ്പർ ഗോളി സച്ചിൻ സുരേഷ് മടങ്ങി വരാനുള്ള സാധ്യത ടീമിനെ ഉണർത്തുന്നുണ്ട്.