പുതിയ സീസണിലേക്കുള്ള ഐ.പി.എല്ലിന്റെ താരലേലം ഇന്നും നാളെയുമായി ജിദ്ദയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.30 മുതലാണ് ലേലം ആരംഭിക്കുന്നത്. 574 താരങ്ങളാണ് ലേലത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ഇതില്‍ 366പേരും ഇന്ത്യന്‍ താരങ്ങളാണ്. 1574 താരങ്ങളാണ് മെഗാ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ആയിരിക്കും ഏറ്റവും വിലയേറിയ താരം എന്നാണ് ആരാധകരുടെ പ്രതീക്ഷ. ടീമുകള്‍ നിലനിര്‍ത്താത്ത നിരവധി ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും വന്‍ വിലയ്ക്ക് വിറ്റ് പോകുന്നതിനും ഇത്തവണത്തെ താരലേലം സാക്ഷ്യം വഹിക്കും. ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പേസര്‍ സൗരഭ് നേത്രവല്‍ക്കര്‍, അണ്‍കാപ്പ്ഡ് മുംബൈ വിക്കറ്റ് കീപ്പര്‍ബാറ്റര്‍ ഹാര്‍ദിക് താമോര്‍ എന്നിവരെയും ബി.സി.സി.ഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്.48 ക്യാപ്ഡ് കളിക്കാരും 193 ക്യാപ്ഡ് വിദേശ കളിക്കാരും ഉള്‍പ്പെടുന്ന ലേല പട്ടികയില്‍ മൊത്തം 574 കളിക്കാരാണ് ഇടംപിടിച്ചത്. 10 ഫ്രാഞ്ചൈസികളിലായി ആകെ 204 താരങ്ങളുടെ ഒഴിവുകളാണ് നിലവിലുള്ളത്. ഇതില്‍ 70 എണ്ണം വിദേശ താരങ്ങള്‍ക്കുള്ളതാണ്. 14 മലയാളി താരങ്ങളും ലേലപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തെ ഐ.പി.എല്‍ ഫ്രാഞ്ചൈസികളുടെ ഭാഗമായവരും കന്നി അവസരത്തിനായി കാത്തിരിക്കുന്നവരുമാണ് ഇവര്‍. ഷോണ്‍ റോജറിനാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. 40 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില. മറ്റ് മലയാളി കളിക്കാര്‍ക്ക് അടിസ്ഥാന വില 30ലക്ഷം രൂപയാണ്.