ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 143 റൺസ് ജയം
ബംഗളൂരുവില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. 143 റണ്‍സിനാണ് ഹര്‍മന്‍ പ്രീതും സംഘവും ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.
അരങ്ങേറ്റത്തില്‍ നാലു വിക്കറ്റ് പ്രകടനം നടത്തിയ മലയാളി താരം ആശ ശോഭനയും സെഞ്ചുറിയുമായി തിളങ്ങിയ സ്മൃതി മന്ഥാനയുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഓപണര്‍ സ്മൃതി മന്ദാനയുടെ സെഞ്ചുറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ടിന് 265 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 37.4 ഓവറില്‍ 122ന് എല്ലാവരും പുറത്തായി.
ഏകദിനത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ മലയാളി താരം ആശാ ശോഭന 8.4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റ് സ്വന്തമാക്കിയത്. 33 റണ്‍സെടുത്ത സുനെ ലുസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഏഴു പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യക്കായി ദീപ്തി ശര്‍മ രണ്ടും പൂജ വസ്ത്രാക്കര്‍, രേണുക സിങ്, രാധാ യാവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഓപ്പണറായെത്തി 127 പന്തില്‍ ഒരു സിക്സറും 12 ഫോറും ഉള്‍പ്പെടെ 117 റണ്‍സ് സ്വന്തമാക്കിയ മന്ദാനയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ ലഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഷഫാലി വര്‍മക്കൊപ്പം ഓപണറായി ക്രീസിലെത്തിയ മന്ധന 47ാം ഓവറിലായിരുന്നു പുറത്തായത്. മസാബാത ക്ലാസന്റെ പന്തില്‍ സനെ ലൂയിസായിരുന്നു മന്ധനയെ പിടിച്ചു പുറത്താക്കിയത്. 48 പന്തില്‍ 37 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെയാള്‍. ഷഫാലി വര്‍മ 12 പന്തില്‍നിന്ന് ഏഴു റണ്‍സ് മാത്രാമണ്നേടിയത്.
ഷഫാലിക്ക് ശേഷം ക്രീസിലെത്തിയ ഹേമലതക്കും കൂടുതല്‍ സമയം ബാറ്റു ചെയ്യാനായില്ല. 16 പന്തില്‍നിന്ന 12 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനും കാര്യമാസ സംഭാവന നല്‍കാനായില്ല. 11 പന്തില്‍ നിന്ന് പത്തു റണ്‍സ് നേടിയ കൗറിനെ ഡ്രാക്സണായിരുന്നു മടക്കി അയച്ചത്. റിച്ചഘോഷ് പെട്ടെന്ന് മടങ്ങിയത് ഇന്ത്യയുടെ സ്‌കോറിങ്ങിനെ കാര്യമായി ബാധിച്ചു. അഞ്ചു പന്തില്‍ മൂന്ന് റണ്‍സെടുത്ത റിച്ചയെ കാകയായിരുന്നു പുറത്താക്കിയത്. ദക്ഷിണാഫ്കിക്കക്കായി അയബോങ്ങാ കാക്ക മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മസാബാ ക്ലാസ് രണ്ടും ഡ്രാക്സണ്‍, ലാബ, ഷാങ്സെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.