അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ചാംപ്യൻമാരായി ഇന്ത്യ പെൺപുലികൾ. ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. മത്സരത്തിൽ 41 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 18.3 ഓവറിൽ 76 റൺസെടുക്കാനേ കഴിഞ്ഞുള്ളു.
ചെറിയ സ്‌കോർ നേടിയിട്ടും കൃത്യമായ ബൗളിങ്ങിലൂടെ ബംഗ്ലാദേശിനെ പിടിച്ചുകെട്ടിയായിരുന്നു ഇന്ത്യ ചാംപ്യൻമാരായത്. 3.3 ഓവറിൽ 17 റൺസ് വിട്ടുനൽകി ആയുഷി ശുക്ല മൂന്ന് വിക്കറ്റ് വീഴ്ത്തി. സോനം യാദവ്, പരുണിക സിസോദിയ എന്നിവർ രണ്ട് വിക്കറ്റ് വീതവും വി.ജെ ജോഷിത ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യക്കായി ഓപണർ ഗോങ്ങാദി തൃഷ അർധ സെഞ്ചുറി നേടി.
47 പന്തിൽ 52 റൺസായിരുന്നു താരം നേടിയത്. നായിക നിഖി പ്രസാദ് 21 പന്തിൽ 12 റൺസ് നേടിയപ്പോൾ 12 പന്തിൽ 17 റൺസാണ് മിഥില വിനോദ് സ്‌കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തത്. സെമി ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചായിരുന്നു ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. മറുവശത്ത് നേപാളിനെ വീഴ്ത്തിയാണ് ബംഗ്ലാദേശ് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.
30 പന്തിൽ 22 റൺസെടുത്ത ജുവൈരിസ ഫിർദൗസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ഓപണർ ഫഹ്മിദ ചോയ 24 പന്തിൽ 18 റൺസും സ്‌കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തു. ബംഗ്ലാദേശ് നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്.