ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക് കുതിക്കുന്നു. മൂന്നാം ദിവസമായ ഇന്ന് ചായക്ക് പിരിയുമ്പോൾ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 359 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇതോടെ നിലവില്‍ ഇന്ത്യക്ക് 405 റണ്‍സ് ലീഡായി. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 150 റണ്‍സെടുപ്പോള്‍ ആസ്‌ത്രേലിയ 104 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു.
സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ പ്രകടനമാണ് ഇന്ത്യക്ക് വ്യക്തമായ മേല്‍ക്കൈ നേടിക്കൊടുത്തത്. 297 പന്തില്‍ നിന്ന് 161 റണ്‍സ് നേടിയാണ് ജയ്‌സ്വാള്‍ പുറത്തായത്. 77 റണ്‍സെടുത്ത കെ.എല്‍ രാഹുലും തിളങ്ങി. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 201 റണ്‍സാണ് നേടിയത്. മൂന്നാമനായെത്തിയ ദേവ്ദത്ത് പടിക്കല്‍ 71 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായി. റിഷഭ് പന്ത് (1), ധ്രുവ് ജുറല്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി. 40 റണ്‍സുമായി വിരാട് കോഹ്ലിയും 14റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് നിലവില്‍ ക്രീസിലുള്ളത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, നഥാന്‍ ലിയോണ്‍, എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.