ഇന്ത്യ – യു. എസ്.എ മത്സരം ഇന്ന് രാത്രി എട്ടിന്
ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ ആധികാരിക ജയം. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ അവസാന പന്തിൽ ജയം.
ഇനി നേരിടാനുള്ളത് ആതിഥേയരായ അമേരിക്കയെ. അതും കൂടി ജയിച്ച് ആധികാരികമായി സൂപ്പർ എട്ട് ഉറപ്പിക്കാൻ രോഹിതും സംഘവും ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം.
ബാറ്റർമാരുടെ പേടി സ്വപ്നമായ നാസോ കൗണ്ടി സ്റ്റേഡിയത്തിലാണ് ഇന്നും ഇന്ത്യയുടെ മത്സരം. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെതിരെ തകർന്നിടിഞ്ഞ ബാറ്റർമാർ ഇന്ന് ഫോം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. റിഷാഭ് പന്ത് മാത്രമാണ് രണ്ട് കളിയിലും തിളങ്ങിയത്.
രണ്ടിലും നിരാശപ്പെടുത്തിയ വിരാട് കോഹ്ലി ഇന്ന് ഫോം കണ്ടെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.
സൂര്യകുമാർ യാദവിന്റെയും ശിവം ദുബേയുടെയും മോശം പ്രകടനം തന്നെയാകും രോഹിതിന്റെ പ്രധാന തലവേദന. അതിനാൽ ദുബേയെ പുറത്തിരുത്തി മലയാളി താരം സഞ്ജു സാംസണിന് അവസരം നൽകാനുള്ള സാധ്യത യും ഇന്ന് കൂടുതലാണ്. ഹർദിക് പാണ്ട്യ നന്നായി പന്തെറിയുന്നതിനാൽ ദുബേയിലെ ബൗളറെ ടീമിന് ആവശ്യമായി വരുന്നില്ല. അതും സഞ്ജുവിന് അവസരം ലഭിക്കാൻ കാരണമാകും.
ജസ്‌പ്രിത് ബുമ്ര നയിക്കുന്ന ബൗളിംഗ് നിരയുടെ കാര്യത്തിൽ ടീമിന് ആശങ്കകൾ തെല്ലുമില്ല. കഴിഞ്ഞ രണ്ട് മത്സരത്തിലും പ്ലയെർ ഓഫ് ദി മാച്ച് ആയ ബുമ്ര തന്നെയാണ് ടീം ഇന്ത്യയുടെ കുന്തമുന.
മറുവശത്ത് രണ്ട് മത്സരത്തിലും ഗംഭീര പ്രകടനത്തോടെ ജയം നേടിയ ആത്മവിശ്വാസത്തിലാണ് അമേരിക്കയെത്തുന്നത്. അവസാനം ശക്തരായ പാകിസ്ഥാനെയാണ് അവർ അട്ടിമറിച്ചത്.
ബാറ്റ് കൊണ്ട് വെടിക്കെട്ട് പ്രകടനം നടത്തുന്ന ആരോൺ ജോൺസ് തന്നെയാകും ഇന്ന് ഇന്ത്യൻ ബൗളർമാരുടെ പ്രധാന വെല്ലുവിളി. ജർവാന്മാരണ പോരാട്ടം നടത്തി ഇന്ത്യയെയും മറിച്ചിടാനുറപ്പിച്ചാവും അമേരിക്ക ഇന്ന് പാഡണിയുക. ഇന്ന് ജയിക്കാനായാൽ അവർക്കും സൂപ്പർ എട്ട് ഉറപ്പിക്കാം.