ആസ്‌ത്രേലിയക്കെതിരേയുള്ള ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ പതറിയെങ്കിലും രണ്ടാം ഇന്നിങ്‌സിൽ അതിന്റെ പലിശയും ചേർത്ത് ഇന്ത്യൻ ബാറ്റർമാർ ഓസീസിന് നൽകിക്കൊണ്ടിരുന്നു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ 218 റൺസിന്റെ ലീഡാണ് ഇപ്പോൾ സ്വന്തമാക്കിയത്. ഇന്നലെ മത്സരം നിർത്തുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 172 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
193 പന്തിൽ രണ്ട് സിക്‌സറും ഏഴ് ഫോർ എന്നിവ ഉൾപ്പെടെ 90 റൺസുമായി യശസ്വി ജയ്‌സ്വാൾ, 153 പന്തിൽ നാല് ഫോറുമായി 62 റൺസ് നേടിയ കെ.എൽ രാഹുൽ എന്നിവരാണ് ക്രീസിലുള്ളത്. ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് 104 റൺസമായിട്ടാണ് പുറത്തായത്. ഓസീസിന്റെ പ്രധാനപ്പെട്ട അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ ക്യപ്റ്റൻ ജസ്പ്രീത് ബുംറയാണ് ഓസീസിനെ പെട്ടെന്ന് മടക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്.
അരങ്ങേറ്റക്കാരൻ ഹർഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി കാര്യങ്ങൽ എളുപ്പമാക്കി. ഓസീസ് പെട്ടെന്ന് പുറത്തായതോടെ ഇതോടെ ഇന്ത്യയ്ക്ക് 46 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കരുതലോടെയായിരുന്നു കരുക്കൾ നീക്കിയത്. ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ജയ്‌സ്വാൾ-രാഹുൽ കൂട്ടുകെട്ട് പൊളിക്കാനായില്ല.
123 പന്തിൽ ജയ്‌സ്വാൾ ടെസ്റ്റിലെ 9ാം അർധസെഞ്ചുറി പൂർത്തിയാക്കി. 193 പന്തുകൾ നേരിട്ട ജയ്‌സ്വാൾ, ഏഴു ഫോറും രണ്ടു സിക്‌സും സഹിതമാണ് 90 റൺസെടുത്തത്. 20 വർഷത്തിന് ശേഷം ആസ്‌ത്രേലിയയിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് ബാറ്റർ ആദ്യ വിക്കറ്റിൽ 100 റൺസോ അതിലധികമോ കൂട്ടുക്കെട്ടിന്റെ റെക്കോർഡ് സ്ഥാപിച്ചു.172 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി ഇരുവരും ചരിത്രം സൃഷ്ടിക്കുകയും റെക്കോർഡ് തങ്ങളുടെ പേരിലാക്കുകയും ചെയ്തു.
2003ൽ മെൽബണിൽ 141 റൺസിന്റെ കൂട്ടുകെട്ടാണ് ആകാശ് ചോപ്രയും വീരേന്ദർ സെവാഗും ഉണ്ടാക്കിയത്. 1986ൽ ഗാവസ്‌കറും ശ്രീകാന്തും ചേർന്ന് നേടിയ 191 റൺസാണ് ആസ്‌ത്രേലിയയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 150 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഇന്നും ക്രീസിൽ പിടിച്ച് നിന്ന് കൂടുതൽ റൺസ് കണ്ടെത്തിയാൽ പെർത്തിലെ ടെസ്റ്റിൽ ഇന്ത്യക്ക് വെന്നിക്കൊടി പാറിക്കാൻ സാധിക്കും.