ഐ.എസ്.എല്ലിൽ ശക്തരായ എഫ്.സി ഗോവയെ സമനിലയിൽ തളച്ച് ഹൈദരാബാദ് എഫ്.സി. അവസാന മിനുട്ട് വരെ ആവേശം നിറഞ്ഞുനിന്ന മത്സരം 1-1 എന്ന സ്‌കോറിനായിരുന്നു അവസാനിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിയാതിരുന്നതോടെ മത്സരം ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്.
52ാം മിനുട്ടിൽ അമാൻഡോ സാദിക്കുവിന്റെ ഗോളിലൂടെ എഫ്.സി ഗോവ മുന്നിലെത്തി. ഒരു ഗോൾ നേടിയതോടെ മത്സരത്തിൽ മേധാവിത്തം പുലർത്തിയ ഗോവ പിന്നെയും ഹൈദരാബാദ് പോസ്റ്റിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. എന്നാൽ 59ാം മിനുട്ടിൽ ഗോവൻ താരം ബോർജ ഹെരേര ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഗോവ ഹൈദരാദാബാദിന് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ടു.
എന്നാൽ 71ാം മിനുട്ടിൽ ഹൈദരാബാദ് പ്രതിരോധ താരം അലക്‌സ് സജിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും ഹൈദരാബാദ് പോരാട്ടം അവസാനിപ്പിച്ചില്ല. അവസാന മിനുട്ടുകളിൽ ഗോവയെ സമ്മർദത്തിലാക്കിയ ഹൈദരാബാദ് ഒടുവിൽ സമനില ഗോൾ നേടി. ബോക്‌സിലേക്ക് ഉയർന്ന് വന്ന പന്ത് ചെസ്റ്റിൽ താഴെയിറക്കി സുവോസ മിറാൻഡ കൃത്യമായ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.
ഗോവ ഗോൾകീപ്പർ ഹൃത്വിക് തിവാരിക്ക് കാഴ്ചക്കാരനായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. 14 മത്സരത്തിൽനിന്ന് 26 പോയിന്റുള്ള ഗോവ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. 15 മത്സരത്തിൽനിന്ന് 9 പോയിന്റുള്ള ഹൈദരാബാദ് 12ാം സ്ഥാനത്തുമാണുള്ളത്.