ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ആശ്വാസ വിജയം തേടി സ്വന്തം തട്ടകത്തിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്. ജംഷഡ്പൂർ എഫ്.സി യെ സീസണിലെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഹോം ഗ്രൗണ്ടിൽ ഇറങ്ങിയ മഞ്ഞപ്പടയ്ക്ക്
ആദ്യ പകുതിയിൽ നേടിയ ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിയിൽ സ്വന്തം വീഴ്ചയിൽ എതിരാളികൾക്ക് ഗോൾ നൽകി സമനിലയിൽ പിരിയുകയായിരുന്നു. പ്ലേ ഓഫ് സാധ്യതകൾക്ക് പോലും മങ്ങലേറ്റ ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും ശക്തിയായ ആരാധകപട ഇന്നലെ കൈവിട്ട കാഴ്ചയായിരുന്നു ഗ്യാലറിയിൽ. അവശേഷിച്ച കാണികളെയും നിരാശയിലാക്കിയാണ്
പ്ലേഓഫ് കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. 86ാം മിനുട്ടുവരെ ഒരു ഗോളിന്റെ മുൻതൂക്കത്തിൽ വിജയിത്തിലേയ്ക്ക് കുതിച്ച ബ്ലാസ്റ്റേഴ്‌സിനെ പ്രതിരോധനിരതാരം മിലോസ് ഡ്രിൻസിച്ചിന്റെ സെൽഫ് ഗോളാണ് സമനിലയിൽ തളച്ചത്. ഒരു പോയിന്റ് നേടി അക്കൗണ്ടിൽ 25 പോയിന്റാക്കിയെങ്കിലും പ്ലേ ഓഫ് യോഗ്യതയ്ക്ക് അത് അപര്യാപ്തമാണ്. 35ാം മിനിട്ടിൽ കോറോ
സിങ്ങിലൂടെ മുന്നിലെത്തിയെങ്കിലും അവസാന നിമിഷം വഴങ്ങിയ സമനില ഗോൾ ബ്ലാസ്റ്റേഴ്‌സിന്റെ വാതിലുകൾ കൊട്ടി അടച്ചു. ഇനി രണ്ട് കളികൾ കൂടി ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നുണ്ടെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചതോടെ മത്സരഫലം അപ്രസക്തമായിരിക്കുകയാണ്. മാർച്ച് ഏഴിന് മുംബൈ സിറ്റിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
തുടർച്ചയായ മൂന്ന് സീസണിലും പ്ലേഓഫിൽ ഇടംകണ്ടെത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ ഈ തകർച്ച വലിയ തിരിച്ചടിയാണ്.പരിക്കേറ്റ ജീസസ് ജിമിനെസ്, നോവ സദോയി അടക്കമുള്ള താരങ്ങളെ പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് നിർണായക പോരാട്ടത്തിന് ഇറങ്ങിയത്. ഗോൾ ബാറിന് കീഴിലാണ് മറ്റൊരു നിർണായക മാറ്റം ബ്ലാസ്റ്റേഴ്‌സ് വരുത്തിയത്. കഴിഞ്ഞ കളിയിൽ
ഗോൾവല കാത്ത കമൽജിത് സിങ്ങിനെ മാറ്റി നോറ ഫെർണാണ്ടസ് എന്ന യുവ ഗോൾക്കീപ്പർക്കും ബ്ലാസ്റ്റേഴ്‌സ് അവസരം നൽകി. ഇടവേളയ്ക്ക് ശേഷം മുഹമ്മദ്ദ് ഐമാനും ടീമിലേയ്ക്ക് മടങ്ങിയെത്തി. മറുവശത്ത് ജോർദ്ദൻ മുറൈയെ ഏക സ്‌ട്രൈക്കറാക്കി ഹവിയർ ഹെർണാണ്ടസ് അടക്കമുള്ള സുപ്രധാന താരങ്ങളെയാണ് ജംഷഡ്പൂർ എഫ് സി കളത്തിൽ അവതരിപ്പിച്ചത്.
സ്‌ക്വാഡിലേയ്ക്ക് മടങ്ങിയെത്തിയ ഐമന്റെ ചില മിന്നൽ നീക്കങ്ങളാണ് ആദ്യ മിനിട്ടിൽ മത്സരം ചൂടുപിടിപ്പിച്ചത്. ബോക്‌സിന് വെളിയിൽ നിന്ന് മത്സരത്തിന്റെ തുടക്കത്തിൽ അനുവദിച്ച് കിട്ടിയ രണ്ട് ഫ്രീകിക്കുകളും മുതലാക്കാൻ മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല. സ്റ്റീഫൻ എസെ എന്ന വിദേശതാരം നേതൃത്വം നൽകുന്ന പ്രതിരോധനിരയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ പൊളിച്ചത്.
35 ാം മിനിട്ടിൽ ജംഷഡ്പൂർ പ്രതിരോധം തകർത്ത കോറോ സിങ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.മിന്നൽവേഗത്തിൽ എത്തിയ വലംകാൽ അടി തടയുന്നതിൽ ജംഷഡ്പൂർ ഗോളി അൽബിനോ ഗോമസ് പരാജയപ്പെട്ടു. സീസണിൽ ഏറ്റവും അധികം രക്ഷപ്പെടുത്തലുകൾ നടത്തിയ ഗോളിയെന്ന ഖ്യാതിയാണ് കോറോ സിങ്ങിന് മുന്നിൽ അൽബിനോ അടിയറവ് വച്ചത്.
എന്നാൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിന് അവസാന നിമിഷം വരുത്തിയ പിഴവ് വലിയ നഷ്ടമായി ജംഷഡ്പൂർ പോസ്റ്റ് ലക്ഷ്യമാക്കി ക്യാപ്റ്റൻ അഡ്രിയൻ ലൂണയുടെ മികച്ച ഷോട്ടോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. ഡാനിഷ് ഫറൂഖിലൂടെ ജംഷഡ്പൂർ വല മഞ്ഞപ്പട കുലുക്കിയെങ്കിലും റഫറി വിധിച്ചത് ഓഫ്‌സൈഡ്. നേരിയ വ്യത്യാസത്തിലാണ് ഓഫ് സൈഡ് കെണിയിൽ ബ്ലാസ്റ്റേഴ്‌സ് കുടുങ്ങിയത്.
തൊട്ടുപിന്നാലെ സമനില ഗോൾ നേടി ജംഷഡ്പൂർ മത്സരത്തിലേയ്ക്ക് തിരിച്ചുവന്നു. ഇടതേ പാർശ്വത്തിൽ നിന്ന് വന്ന പന്ത് തട്ടിയകറ്റുന്നതിൽ മിലോസിന് പിഴച്ചു. അപകട രഹിതമായ പന്ത് തട്ടി പുറത്തേയ്ക്ക് കളയാനുള്ള ഡ്രിൻസിച്ചിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ ഗോളായി പരിണമിക്കുകയും സമനിലയിൽ കലാശിക്കുകയും ചെയ്തു.