ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയും തങ്ങളുടെ ദുരിതകാലത്തിലൂടെയണ് ഇപ്പോള്‍ കടന്നുപോകുന്നത്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം ഇന്നലെ ഡച്ച് ക്ലബ് ഫെയ്‌നൂര്‍ദിനോട് പരാജയത്തിന് സമാനമായ സമനിലയാണ് സിറ്റി വഴങ്ങിയത്. 75 മിനുട്ട് വരെ 3-0ന് മുന്നിട്ടു നിന്നശേഷമാണ് സിറ്റിയുടെ സമനില.
എന്നാല്‍ മത്സരശേഷം കാണപ്പെട്ട സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ മുഖമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. മൂക്കില്‍ ആഴത്തിലുള്ള മുറിവും, തലയില്‍ നിരവധി ചുവന്ന പാടുകളുമായാണ് ഗ്വാര്‍ഡിയോളയെ കാണപ്പെട്ടത്. ഇതിനെക്കുറിച്ച് മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചപ്പോള്‍ ‘എല്ലാം തന്റെ വിരലിലെ നഖം കൊണ്ട് തന്നെ സംഭവിച്ചതാണ്’ എന്നായിരുന്നു പെപ്പിന്റെ മറുപടി. ടീമിന്റെ പ്രകടനം കണ്ട് എനിക്ക് എന്നെ തന്നെ വേദനിപ്പിക്കാന്‍ തോന്നിയെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.
സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡിന്റെ ഇരട്ടഗോളും(44,53) ഇകന്‍ ഗുണ്ടോഗന്റെ (50) ഗോളും ചേര്‍ന്നതോടെയാണ് സിറ്റി 3-0ന് ലീഡു നേടിയത്. വിജയമുറപ്പിച്ചു മുന്നേറുന്നതിനിടെ 75ാാം മിനുട്ടില്‍ ഹാജ് മൂസയിലൂടെ ഫെയെനൂര്‍ദ് ആദ്യ ഗോള്‍ തിരിച്ചടിച്ചു. 82ാാം മിനുട്ടില്‍ സാന്തിയാഗോ ജിമെനെസും ഗോള്‍ നേടിയതോടെ സിറ്റിയുടെ ലീഡ് ഒന്നായി ചുരുങ്ങി. നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്കെ ഡേവിഡ് ഹാന്‍കോയും ലക്ഷ്യം കണ്ടതോടെ സിറ്റി ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന മത്സരമായി മാറി ഇന്നലത്തേത്.
ഇനി ആന്‍ഫീല്‍ഡില്‍ കരുത്തരായ ലിവര്‍പൂളിനെതിരേയാണ് സിറ്റിയുടെ അടുത്ത മത്സരം.