ഐ ലീഗിൽ ജയം തുടരാൻ ഗോകുലം കേരള ഇന്ന് റിയൽ കശ്മീരിനെതിരേ കളത്തിലിറങ്ങുന്നു. ശ്രീനഗറിലെടി.ആർ.സി ടർഫിൽ ഉച്ചക്ക് രണ്ടിനാണ് മത്സരം. ലീഗിലെ ആദ്യ മത്സരത്തിൽ ശ്രീനിധി ഡക്കാനെതിരേ ജയിച്ചു കയറിയ ഗോകുലം രണ്ടാം ജയം തേടിയാണ് ഇന്ന് എവേ മത്സരത്തിനായി ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ റിയൽ കശ്മീരും വിജയം കൊയ്തിരുന്നു.
രാജസ്ഥാൻ യുനൈറ്റഡിനെ സ്വന്തം മൈതാനത്ത് തോൽപിച്ചാണ് റിയൽ കശ്മീർ ഇന്ന് ഗോകുലത്തിനെതിരേ കളത്തിലിറങ്ങുന്നത്. ഐ ലീഗിലെ ഹോം മത്സരങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞ ടീമാണ് റിയൽ കശ്മീർ എങ്കിലും കിരീടം ലക്ഷ്യമിടുന്ന ഗോകുലം കേരളക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. ശക്തമായ പ്രതിരോധ നിരയാണ് കശ്മീരിന്റെ ശക്തി.
എന്നാൽ മുന്നേറ്റനിരയിലാണ് ഗോകുലത്തിന്റെ വിശ്വാസം. ആദ്യ മത്സരത്തിൽ ഒരു ഗോളിന് പിറകിൽനിന്ന ഗോകുലം പിന്നീട് തിരിച്ചുവന്നായിരുന്നു ജയം കൊയ്തത്. ഇത്തവണ അറ്റാക്കിങ്ങിന് പ്രാധാന്യം നൽകിയാണ് ടീം ഒരുക്കിയിട്ടുള്ളതെന്ന് ഗോകുലം കേരള പരിശീലകൻ അന്റോണിയോ റുവേട വ്യക്തമാക്കി.
‘മുൻ മത്സരത്തിൽ മൂന്നുഗോളുകളും നേടിയത് മൂന്നു വ്യത്യസ്ത കളിക്കാരായിരുന്നു.
ടീമിന് മുന്നേറ്റനിരയിൽ അത്തരത്തിൽ മാറ്റി പരീക്ഷിക്കാവുന്ന ഇന്ത്യൻ,വിദേശ താരങ്ങൾ അനവധിയുണ്ട്. റിയൽ കാശ്മീരിനെ നേരിടുന്നതിൽ വെല്ലിവിയാവുന്ന പ്രധാന ഘടകം ഇവിടുത്തെ കാലാവസ്ഥയാണ്, എന്നിരുന്നാലും ടീം ഈ സീസണിൽ തന്നെ ലേയിൽ നടന്ന ക്ലൈമറ്റ് കപ്പ് കളിക്കുകയും അതിൽ ചാമ്പ്യൻസ് ആവുകയും ചെയ്തത് സമാന കാലാവസ്ഥയിൽ കളിച്ചുകൊണ്ട് തന്നെയാണ്, അതിനാൽ ഈ വെല്ലിവിളി ടീമിന് മറികടക്കാനായേക്കും’ റുവേട കൂട്ടിച്ചേർത്തു.