ഐ ലീഗ് കിരീടം ലക്ഷ്യം വെച്ച് കുതിക്കുന്ന ഗോകുലം കേരള വിജയ വഴിയിൽ തിരിച്ചെത്താൻ ഇന്ന് കളത്തിലിറങ്ങുന്നു. അവസാന മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനോടേറ്റ തോൽവിയുടെ ക്ഷീണം തീർക്കാനും പോയിന്റ് പട്ടികിയൽ മുന്നേറ്റവും പ്രതീക്ഷിച്ചാണ് മലബാറിയൻ സീസണിലെ അഞ്ചാം മത്സരത്തിനായി ഇന്ന് ഷില്ലോങ് ലജോങ്ങിന്റെ ഗ്രൗണ്ടിൽ ഇറങ്ങുന്നത്.
സീസണിൽ ഇതുവരെ നാലു മത്സരം പൂർത്തിയായപ്പോൾ രണ്ട് സമനില, ഒരു ജയം, ഒരു തോൽവി എന്നിങ്ങനെയാണ് ഗോകുലത്തിന്റെ സമ്പാദ്യം. അതിനാൽ കിരീടപ്രതീക്ഷയിൽ മറ്റു ടീമുകൾക്കൊപ്പമെത്തണമെങ്കിൽ ഇന്ന് ലജോങ്ങിനെ വീഴ്ത്തിയേ തീരു എന്ന അവസ്ഥയാണ്. അവസാന മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ചർച്ചിലിനോടേറ്റ തോൽവി ഗോകുലത്തിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു.
മത്സരത്തിൽ ഗോൾ നേടാൻ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പലപ്പോഴും ഫിനിഷിങ്ങിലെ പോരായ്മയായിരുന്നു തിരിച്ചടിയായത്. നിലവിൽ ടീം മികച്ച ആത്മവിശ്വാസത്തിലാണുള്ളത്. പ്രതിരോധത്തിലും മധ്യനിരയിലും താരങ്ങൾ മികച്ച പ്രകടനാണ് നടത്തുന്നത്. ഫൈനൽ തേഡിൽകൂടി ശ്രദ്ധയൂന്നിയാൽ നാളത്തെ മത്സരത്തിൽ വിജയിക്കാൻ കഴിയുമെന്ന് പരിശീലകൻ അന്റോണിയോ റുവേഡ വ്യക്തമാക്കി.
അതേസമയം പോയിന്റ് ടേബിളിൽ ഗോകുലത്തിനേക്കാൾ താഴെയാണ് ലജോങ്ങിന്റെ സ്ഥാനം. എന്നിരുന്നാലും എതിരാളുകൾക്ക് ഹോം ഗ്രൗണ്ട് അഡ്വന്റേജ് ലഭിക്കുമെന്നതിനാൽ ശ്രദ്ധയോടെ കരുക്കൾ നീക്കാനുറച്ചാണ് മലബാറിയൻസ് ഇന്ന് കളത്തിലിറങ്ങുന്നത്. നാലു മത്സരത്തിൽ അഞ്ച് പോയിന്റാണ് ലഡോങ്ങിന്റെയും സമ്പാദ്യം.
അവസാന മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡിനെ എതിരില്ലാത്ത എട്ടു ഗോളിന് വീഴ്ത്തിയ ലജോങ് അതിന് മുൻപ് നടന്ന മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഇന്റർ കാശിയെ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു. അതിനാൽ ഇന്നത്തെ മത്സരത്തിൽ ശ്രദ്ധയോടെ കരുക്കൾ നീക്കി ജയിച്ചു കയറാനാണ് ഗോകുലം കേരള കളത്തിലിറങ്ങുന്നത്. വൈകിട്ട് 4.30 മുതൽ നടക്കുന്ന മത്സരം എസ്.എസ്.ഇ.എൻ ആപിലും സോണി ലൈവിയും തത്സമയം കാണാനാകും.