യൂറോ കപ്പ്: പോര്‍ചുഗലിന് തോൽവി
യൂറോ കപ്പില അവസാന ഗ്രൂപ്പ് റൗണ്ട് മത്സരത്തില്‍ പോര്‍ചുഗലിനെ വീഴ്ത്തി ജോര്‍ജിയ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും ജോര്‍ജിയക്കു മുമ്പില്‍ കീഴടങ്ങിയത്. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് എഫില്‍ ചാംപ്യന്മാരായി തന്നെയാണ് പറങ്കിപ്പടയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. മൂന്നാം സ്ഥാനക്കാരായി ജോർജിയയും അവസാന 16ലെത്തി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി ജോര്‍ജിയ പോര്‍ചുഗലിനെ ഞെട്ടിച്ചിരുന്നു. രണ്ടാം മിനുട്ടില്‍ ക്വിച ക്വര്‍ടഷേലിയയാണ് ജോര്‍ജിയയടെ ആദ്യ ഗോള്‍ നേടിയത്. ഈ ഷോക്കില്‍നിന്ന് മടങ്ങിവരാന്‍ പോര്‍ചുഗലിന് പിന്നീട് കഴിഞ്ഞില്ല.
മത്സരത്തില്‍ പന്തടക്കത്തിലും മുന്നേറ്റത്തിലും ബഹുദൂരം മുന്നിട്ടു നിന്ന പോര്‍ചുഗലിന് പക്ഷെ ഗോളൊന്നും കണ്ടെത്താനായില്ല. 57ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ജോര്‍ജസ് മിക്വടട്‌സെ പോര്‍ചുഗല്‍ വലകുലുക്കി ജോര്‍ജിയയുടെ രണ്ടാം ഗോളും നേടി.
നേരത്തെ ആദ്യ രണ്ടു മത്സരവും ജയിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നതിനാല്‍ ബ്രൂണോ ഫെര്‍ണാണ്ടസിനെ ബെഞ്ചിലിരുത്തിയാണ് റൊബര്‍ട്ടോ മാര്‍ട്ടിനസ് ഇന്ന് പോര്‍ചുഗലിനെ കളത്തിലിറക്കിയത്.