• Home
  • ISL
  • Academies
  • ടി.കെ ചാത്തുണ്ണി: യാത്രയായത് ഇന്ത്യൻ ഫുട്‌ബോളിലെ റഫ് ആന്റ് ടഫ് കോച്ച്
Academies

ടി.കെ ചാത്തുണ്ണി: യാത്രയായത് ഇന്ത്യൻ ഫുട്‌ബോളിലെ റഫ് ആന്റ് ടഫ് കോച്ച്

ടി.കെ ചാത്തുണ്ണി
Email :1150
ടി.കെ ചാത്തുണ്ണി
അബ്ദുൽ സലിം ഇ.കെ

‘പന്തില്ലാതെ ബോക്‌സിൽ കയറിയാലും പൊലിസുകാർ പെറ്റി അടിച്ച് വിടും’ തൊണ്ണൂറുകളുടെ തുടക്കത്തിൽ കേരളാ ഫുട്‌ബോളിന്റെ തലവര തന്നെ മാറ്റിയ കേരളാ പൊലിസ് ടീമിനെതിരായി തിരുവനന്തപുരത്തെ ജില്ലാ ലീഗിൽ കളിച്ച അനുഭവം വച്ച് ഒരു മുൻകളിക്കാരൻ ഈയിടെ പറഞ്ഞ വാക്കുകളാണിത്. ടി.കെ ചാത്തുണ്ണി ചാലക്കുടിക്കാരൻ കേരളാ പൊലിസ് ടീമിനെ എങ്ങനെ മാറ്റിമറിച്ചു എന്നത് ഈ വാക്കുകളിലുണ്ട്.

എൺപതുകളുടെ തുടക്കത്തിൽ കോഴിക്കോട് കോർപറഷൻ സ്റ്റേഡിയത്തിൽ നടന്ന സയ്യിദ് മിർ ഇക്ബാൽ ട്രോഫി സബ് ജൂനിയർ ഫുട്‌മ്പോൾ ചാംപ്യൻഷിപ്പ് കേരളത്തിലെത്തിച്ചവരും അതേ സ്റ്റേഡിയത്തിൽ കാലിക്കറ്റിനെ അന്തർ സർവകലാശാല കിരീടത്തിലേക്കു നയിച്ചവരുമായ ചില കളിക്കാരെ ചേർത്ത് അന്നത്തെ ഡി.ജി.പി.എം.കെ ജോസഫ് കേരളാ പൊലിസിന് ഒരു ഫുട്‌ബോൾ ടീം രൂപീകരിച്ചപ്പോൾ അത് വലിയ ചർച്ചയായിരുന്നില്ല.

പക്ഷേ 1987ൽ കൊല്ലം സന്തോഷ് ട്രോഫിയിൽ പഞ്ചാബിനോട് ഫൈനലിൽ ഷൂട്ടൗട്ടിൽ കീഴടങ്ങിയ കേരളാ ടീമിൽ കെ.ടി ചാക്കോയ്ക്കും യു.ഷറഫലിക്കും വി.പി സത്യനും സി.വി പാപ്പച്ചനും കുരികേശ് മാത്യുവിനും പി.പി തോബിയാസിനും സി.എസ് ലിസ്റ്റനും ഒപ്പം ടി.കെ ചാത്തുണ്ണിയുടെ കണ്ടുപിടുത്തം ഐ.എം വിജയനും നടത്തിയ പ്രകടനം ഇന്ത്യൻ ഫുട്‌ബോളിൽ പൊലിസുകാർ നടത്തിയ റൂട്ട് മാർച്ചിന്റെ മുന്നറിയിപ്പായിരുന്നെന്ന് പിന്നീട് കേരളത്തിലെ കായികപ്രേമികൾ തിരിച്ചറിഞ്ഞു. കോച്ച്
ടി. കെ ചാത്തുണ്ണി എന്ന പഴയ ഇ.എം.ഇ സെക്കന്തരാബാദ് കളിക്കാരൻ കൊണ്ടു പട്ടാളച്ചിട്ട പൊലിസ് ടീമിനെ അടിമുടി മാറ്റിമറിച്ചു. ടി.കെ ചാത്തുണ്ണി എന്ന സൂപ്പർ കോച്ചിന്റെ തന്ത്രങ്ങൾ മറികടന്ന് പൊലിസ് വലയിൽ പന്തെത്തിക്കാനാവാതെ ബംഗാളിലേയും ഗോവയിലേയും വമ്പൻ താരങ്ങൾ പത്തി മടക്കി. ഫുട്‌ബോൾ കളത്തിന് പുറത്തിരുന്നും കളിക്കാമെന്ന് മലയാളിയെ പഠിപ്പിച്ചത് ടി.കെ. ചാത്തുണ്ണിയാണ്.

1990ൽ അന്നത്തെ തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നാട്ടുകാരുടെ മുന്നിൽ വച്ച് കേരളാ പൊലിസ് ടീം ആദ്യമായി ഫെഡറേഷൻ കപ്പ് ചാംപ്യൻമാരായി. കേരളാ ഫുട്‌ബോളിൽ നിർഭാഗ്യത്തിന്റെ തലവര മാറ്റി മറിച്ച് പൊലിസ് ടീമിന്റെ ബലത്തിൽ കേരളം കോയമ്പത്തൂരിൽ സന്തോഷ് ട്രോഫി ജേതാക്കളായി. 1991 ൽ കണ്ണൂരിൽ പൊലിസ് ടീം വീണ്ടും ദേശീയ കിരീടം തങ്ങളുടെ ഷെൽഫിലെത്തിച്ച് ഒരിക്കൽ കൂടി ഇന്ത്യൻ ഫുട്‌ബോളിലെ മുടി ചൂടാ മന്നൻമാരായി. കേരളം സന്തോഷ് ട്രോഫി വിജയം അവർത്തിച്ചു.

പൊലിസിൽ നിന്ന് ചാത്തുണ്ണി നേരെ പോയത് ഗോവൻ ലീഗിൻ ഒരു കൊള്ളിയാൻ പോലെ മിന്നി മറിഞ്ഞ എം. ആർ എഫ് ഫൗണ്ടേഷനിലേക്കാണ്. 199192 ൽ പ്രഥമ സീസണിൽ അവരെ ഗോവൻ ലീഗ് ചാംപ്യൻമാരാക്കിയാണ് സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി ഗോവയിലേക്കുള്ള തന്റെ രണ്ടാം വരവറിയിക്കുന്നത്.  ഇ.എം.ഇ. സെക്കന്തരാബാദിന് കളിക്കുമ്പോൾ സർവീസസിനും ഓർക്കേ മിൽസിൽ നിന്ന് മഹാരാഷ്ട്രക്കും, വാസ്‌കോ ജഴ്‌സിക്കാലത്ത് ഗോവക്കും വേണ്ടി സന്തോഷ് ട്രോഫി ടീമിൽ കളിച്ച ചാത്തുണ്ണി കേരളത്തിന്റെ ലേബലിലല്ല 1973 ൽഇന്ത്യൻ ടീമിനായി മെർദേക്ക കപ്പിൽ പന്തുതട്ടിയത്. പക്ഷേ 1979ൽ അദ്ദേഹം സന്തോഷ് ട്രോഫി കേരളാ ടീമിന്റെ പരിശീലക വേഷമണിഞ്ഞിട്ടുണ്ട്.

ഐം എം.വിജയൻ ജോ പോൾ അഞ്ചേരി ഉൾപ്പെടെയുള്ള കളിക്കാരെ തുടക്കത്തിൽ പരിശീലിപ്പിച്ചു ചത്തുണ്ണി കേരളത്തിൽ പൊലിസ്, ഇലക്ട്രിസിറ്റി ബോർഡ്, ഇന്ത്യയിലെ ആദ്യ പ്രഫഷണൽ ക്ലബായ എഫ്‌സി കൊച്ചിൻ, വിവ കേരള, ജോസ്‌കോ, ഗോൾഡൺ ത്രെഡ്‌സ് ടീമുകളെ പരിശീലിപ്പിച്ചപ്പോൾ കേരളത്തിന് പുറത്ത് ഗോവയിൽ എം.ആർ.എഫ്, ചർച്ചിൽ, സാൽഗോക്കർ, ഡെമ്പോ ടീമുകളെയും. കൊൽക്കത്തയിൽ മോഹൻ ബഗാൻ, ചെന്നൈയിൽ വിവ ചെന്നൈ തുടങ്ങിയ ടീമുകൾക്കും തന്റെ പരിശീലന മന്ത്രങ്ങൾ പറഞ്ഞു കൊടുത്തു.

1997 കൽക്കത്തയിൽ വച്ച് ഈസ്റ്റ് ബംഗാളിനെ തകർത്ത് സാൽഗോക്കറിനെ ദേശീയ കിരീടത്തിലേക്ക് നയിച്ചപ്പോൾ തൊട്ടടുത്ത വർഷം സാൽഗോക്കർ മാനേജ്‌മെന്റിനോട് ഉടക്കി മോഹൻ ബഗാനിൽ ചേർന്ന് ബഗാന് ഐ.ലീഗ് കന്നിക്കിരീടം നേടിക്കൊടുത്തു. ടി.കെ.ചാത്തുണ്ണിയോളം കേരളത്തിന് പുറത്ത് വെന്നിക്കൊടി പാറിച്ച കോച്ചുമാർ പ്രഫഷണൽ ഫുട്‌ബോളിൽ കേരളത്തിൽ ഇല്ലെന്നു തന്നെ പറയാം.കേരള ഫുട് ബോളിലെ ഒട്ടേറെ താരങ്ങളുടെ പിറവിക്ക് കാരണക്കാരനായ കേരള ഫുട്‌ബോളിൽ ഇരിഹാസതുല്യമായ സ്ഥാനമുള്ള ടി.കെ ചാത്തുണ്ണി ഇന്ന് കാലത്ത് അന്തരിച്ചു. കേരളാ ഫുട്‌ബോളിലും ഇന്ത്യൻ ഫുട്‌ബോളിലും ആരോടും പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന മനഷ്യന്റെ കളിക്കളത്തിലെ തന്ത്രങ്ങൾക്കും പരിശിലനമികവിനും ഒപ്പം വയ്ക്കാൻ ഇനിയൊരാൾ പിറക്കേണ്ടിയിരിക്കുന്നു.

(മലപ്പുറം ഫയർ ആൻഡ് റസ്‌ക്യു സ്റ്റേഷനിലെ സ്റ്റേഷൻ ഒഫീസറും മുൻ എം.എസ്.പി ഗോൾകീപ്പറുമാണ് ലേഖകൻ)

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts