ഇംഗ്ലണ്ട് യൂറോ കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നു
പ്രതിഭകള്‍ കൊണ്ട് സമ്പന്നരാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം. എന്നാല്‍ കിരീടങ്ങള്‍ കൊണ്ട് ദരിദ്രരും. ഇതിഹാസങ്ങള്‍ പലരും കളത്തിലിറങ്ങിയിട്ടും 1966ലെ ഏക ലോകകപ്പ് മാത്രമാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിന് എടുത്തു പറയാനുള്ള ഒരേ ഒരു കിരീടം. അതിന് ശേഷം 58 വര്‍ഷം പിന്നിട്ടു, നിരവധി ടൂര്‍ണമെന്റുകളും. അതിലൊന്നും കിരീട നേട്ടത്തിലെത്താന്‍ അവര്‍ക്കായില്ല.
ഇംഗ്ലീഷ് ആരാധകരുടെ 58 വര്‍ഷത്തെ ആ കാത്തിരിപ്പിന് വിരാമമിടാന്‍ രണ്ടും കല്‍പ്പിച്ച് ഗാരെത് സൗത് ഗേറ്റും സംഘവും ഇന്ന് യൂറോ കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ഗ്രൂപ്പ് സിയില്‍ രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ സെര്‍ബിയയാണ് എതിരാളികള്‍.
കഴിഞ്ഞ തവണ കലാശപ്പോരില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ എന്തുവിലകൊടുത്തും കൈപിടിയിലൊതുക്കാനാണ് ഹാരികെയ്ന്‍ നയിക്കുന്ന ടീം ബൂട്ടണിയുന്നത്.
കിരീടം നേടിയില്ലെങ്കില്‍ താന്‍ ഇനി പരിശീലകസ്ഥാനത്തുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച ഗാരെത് സൗത് ഗേറ്റിനും ഈ ടൂര്‍ണമെന്റ് അതി നിര്‍ണായകമാണ്. അതിനാല്‍ ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ മാര്‍ജിനില്‍ ജയിച്ച് എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാനാവും ഇംഗ്ലീഷ് പടയൊരുക്കം.
ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കാനായി മികച്ച പ്രകടനം നടത്തിയ നായകന്‍ ഹാരികെയന്‍ ജര്‍മനിയിലെ മൈതാനങ്ങളില്‍ അനുഭവ സമ്പത്തോടെ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നത് ടീമിന് കരുത്തേകും. റയല്‍ മാഡ്രിഡിലെ അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന് ലാലിഗ കിരീടവും ചാംപ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുത്ത ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലണ്ട് ടീമിലെ ശ്രദ്ധേയ താരം. മറുവശത്ത് സഊദി പ്രോ ലീഗിലും കിങ്‌സ് കപ്പിലും അല്‍ഹിലാലിനെ കിരീടത്തിലേക്ക് നയിച്ച സ്‌ട്രൈക്കര്‍ മിട്രോവിചാണ് സെര്‍ബിയന്‍ കുന്തമുന.
ഗ്രൂപ്പ സിയില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് സ്ലോവേനിയ ഡെന്മാര്‍കിനെ നേരിടും.