സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിൽ കൊമ്പുകോർക്കും. സഊദി അറേബ്യൻ പട്ടണമായ ജിദ്ദയിലാണ് റയലും ബാഴ്‌സയും കൊമ്പുകോർക്കുന്നത്. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ മയ്യോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയായിരുന്നു റയൽ മാഡ്രിഡ് ഫൈനലിൽ പ്രവേശിച്ചത്.
ആദ്യ സെമിയിൽ അത്‌ലറ്റിക് ക്ലബിനെ തോൽപ്പിച്ച് ബാഴ്‌സലോണയും ഫൈനൽ ഉറപ്പിച്ചിരുന്നു. മത്സരത്തിൽ 65 ശതമാനവും പന്ത്‌കൈവശം വെച്ച് കളിച്ച റയൽ മാഡ്രിഡ് ആധികാരിക ജയമായിരുന്നു നേടിയത്. അക്രമണ പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും ആദ്യ പകുതിയിൽ മികച്ച നീക്കങ്ങൾ നടത്തിയങ്കിലും ഗോളൊന്നും പിറന്നില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിലായിരുന്നു റയലിന്റെ മൂന്ന് ഗോളുകളും വന്നത്. 63ാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമായിരുന്നു റയലിനായി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത റയൽ മാഡ്രിഡ് കൂടുതൽ ഗോളിനായി ശ്രമിച്ചെങ്കിലും മയ്യോർക്ക ശക്തായി പ്രതിരോധം തീർത്തു. ഇഞ്ചുറി ടൈമിലായിരുന്നു മറ്റു ഗോളുകൾ വന്നത്.
92ാം മിനുട്ടിൽ ലഭിച്ച സെൽഫ് ഗോളിൽ റയലിന് രണ്ട് ഗോളിന്റെ ലീഡ് ലഭിച്ചു. 95ാം മിനുട്ടിൽ റോഡ്രിഗോയും ഗോൾ നേടി പട്ടിക പൂർത്തിയാക്കുകയായിരുന്നു. മയ്യോർക്ക എട്ട് ഷോട്ടുകൾ റയലിന്റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തുവെങ്കിലും ഒന്നുപോലും ഓൺ ടാർഗറ്റായില്ല. ആദ്യ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്‌സലോണയുടെ ജയം.
ഗവി, ലാമിനയെ യമാൽ എന്നിവരായിരുന്നു ബാഴ്‌സയുടെ സ്‌കോറരർ. നാളെ രാത്രി 12.30ന് ജിദ്ധയിലെ കിങ് അബ്ദുല്ല സ്‌പോട്‌സ് സിറ്റിയിലാണ് ഫൈനൽ മത്സരം.