Shopping cart

  • Home
  • Football
  • സമനില തെറ്റാതെ മലപ്പുറവും തൃശൂരും
Football

സമനില തെറ്റാതെ മലപ്പുറവും തൃശൂരും

മലപ്പുറവും തൃശൂരും
Email :14

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ മലപ്പുറം എഫ്.സി തൃശൂർ മാജിക് എഫ്.സി മത്സരം സമനിലയിൽ പിരിഞ്ഞു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട തൃശൂർ ഇന്നലെ ആദ്യ പോയന്റ് സ്വന്തമാക്കി. മൂന്ന് കളിയിൽ മലപ്പുറത്തിന് നാല് പോയന്റുണ്ട്.
ഗോൾ കീപ്പർ സ്ഥാനത്ത് ടെൻസിൻ, മുന്നേറ്റനിരയിൽ ബുജൈർ എന്നിവരെ ആദ്യ ഇലവനിൽ കൊണ്ടുവന്നാണ് കോച്ച് ജോൺ ഗ്രിഗറി ഇന്നലെ മലപ്പുറം ഇലവനെ കളത്തിലിറക്കിയത്.

സ്പാനിഷ് താരം പെഡ്രോക്കൊപ്പം ഫസലു റഹ്മാനും ആതിഥേയരുടെ മുന്നേറ്റനിരയിൽ ഇറങ്ങി. ബ്രസീൽ താരങ്ങളായ ലൂക്കാസ്, മൈൽസൺ എന്നിവരെ പ്രതിരോധം ഏൽപ്പിച്ചാണ് തൃശൂർ ടീം തന്ത്രങ്ങൾ മെനഞ്ഞത്.തുടക്കം മുതൽ തകർത്തു കളിച്ച മലപ്പുറത്തിന്റെ പതിനാലാം നമ്പർ താരം ബുജൈർ പത്താം മിനിറ്റിൽ പറത്തിയ പൊള്ളുന്ന ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോകുന്നത് കണ്ടാണ് ആരാധകർ നിറഞ്ഞ മഞ്ചേരി സ്റ്റേഡിയം കളിയിലേക്ക് ഉണർന്നത്.

ആദ്യ അരമണിക്കൂറിനിടെ നിർണായകമായ ഫ്രീകിക്കുകൾ നേടിയെടുക്കാൻ തൃശൂരിന് കഴിഞ്ഞെങ്കിലും രണ്ടുതവണയും ലൂക്കാസിന്റെ ശ്രമങ്ങൾക്ക് ലക്ഷ്യബോധം ഉണ്ടായിരുന്നില്ല. മുപ്പത്തി അഞ്ചാം മിനിറ്റിൽ തൃശൂർ നായകൻ സി കെ വിനീതിന് തുറന്ന അവസരം കൈവന്നു. ഗോളി മാത്രം മുന്നിൽ നിൽക്കെ പന്തിലേക്ക് ഓടിയെത്താൻ മുൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല. നാല്പതാം മിനിറ്റിൽ മലപ്പുറത്തിന്റെ ശ്രമം ബാറിൽ തട്ടി തെറിച്ചതോടെ ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാംപകുതിയുടെ തുടക്കം മുതൽ ഇരു സംഘങ്ങളും ഗോളിനായി ആഞ്ഞുശ്രമിച്ചതോടെ കളി ആവേശകരമായി. അൻപത്തിയേഴാം മിനിറ്റിൽ നന്നായി കളിച്ച ബുജൈറിനെ പിൻവലിച്ച് മലപ്പുറം റിസ്‌വാൻ അലിയെ കൊണ്ടുവന്നു. അഭിജിത്ത്, ജസീൽ എന്നിവരെയിറക്കി തൃശൂരും ആക്രമണത്തിന് മൂർച്ചകൂട്ടി. എഴുപത്തി ഒന്നാം മിനിറ്റിൽ തൃശൂരിന്റെ കോർണർ വഴിയുള്ള ആക്രമണത്തിന് ക്രോസ്സ് ബാർ വിലങ്ങായി.

തുടർന്നും ഗോളിനുള്ള ശ്രമങ്ങൾ ഇരുഭാഗത്ത് നിന്നും ഉണ്ടായെങ്കിലും റഫറി അജയ് കൃഷ്ണൻ ഫൈനൽ വിസിൽ മുഴക്കുമ്പോൾ സ്‌കോർ ബോർഡിൽ തെളിഞ്ഞത് മലപ്പുറം എഫ്‌സി 0 തൃശൂർ മാജിക് എഫ്‌സി 0. ഇന്ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയെ നേരിടും. കിക്കോഫ് രാത്രി 7.30ന്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts