കേരള ബ്ലാസ്റ്റേഴ്‌സ് 1-1 നോർത്ത് ഈസ്റ്റ്
ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റിനെതിരേയുള്ള എവേ മത്സരത്തിൽ ജയത്തിനായി ബ്ലാസ്‌റ്റേഴ്‌സ് പൊരുതി നോക്കിയെങ്കിലും ജയിച്ചില്ല. ഗോളിലേക്കായി തുറന്ന അവസരങ്ങൾ ലഭിച്ചെങ്കിലും അത് മുതലാക്കാൻ കഴിയാത്ത മഞ്ഞപ്പട 1-1 എന്ന സ്‌കോറിന്റെ സമനിലയുമായിട്ടാണ് മടങ്ങുന്നത്. ഹോം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരേയുള്ള ജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ നേരിടാൻ ഗുവാഹത്തിയിലെത്തിയത്.
എന്നാൽ സമനിലകൊണ്ട് മടങ്ങാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി. സച്ചിൻ സുരേഷിനെ ഗോൾവലക്ക് മുന്നിൽ നിർത്തി ഡ്രിനിച്ച്, കോയഫ്, നോവ, ജിമെനസ് എന്നീ വിദേശങ്ങളെ ഉൾപ്പെടുത്തിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനെ കളത്തിലിറക്കിയത്. ജയം അനിവാര്യമായതിനാൽ മത്സരത്തിൽ ശ്രദ്ധയോടെയായിരുന്നു ഇരു ടീമുകളും കളിച്ചത്. മത്സരത്തിൽ 59 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് ബ്ലാസ്റ്റേഴ്‌സായിരുന്നെങ്കിലും ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല.
ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിയാത്തതിനെ തുടർന്ന് മത്സരം ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 58ാം മിനുട്ടിൽ അലദ്ദിൻ അയാരെയായിരുന്നു നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റിന് ആവേശംകൂടിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ശക്തമായി പ്രതിരോധിച്ചു. എന്നാൽ അധികം വൈകാതെ ബ്ലാസ്‌റ്റേഴ്‌സ് ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു.
67ാം മിനുട്ടിൽ നോവ സദോയിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനായി സമനില ഗോൾ നേടിയത്. മത്സരം സമനിലയിലായതോടെ ഇരുടീമുകളും അക്രമം കടുപ്പിച്ച് കൊണ്ടിരിക്കെ നോർത്ത് ഈസ്റ്റിന് തിരിച്ചടിയായി അഷീൻ അക്തറിന് ചുവപ്പ് കാർഡ് ലഭിച്ചു. തുടർന്ന് 82ാം മിനുട്ടിന് ശേഷം നോർത്ത് ഈസ്റ്റ് പത്തു പേരായി ചുരുങ്ങി. ഈ സമയം മുതലെടുക്കാൻ ബ്ലാസ്‌റ്റേഴ്‌സ് പരമാവദി ശ്രമിച്ചു. ഈ സമയത്ത് ഗോളിലേക്കുള്ള രണ്ട് സുവർണ അവസരങ്ങൾ അയ്മന് കിട്ടിയെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
പിന്നീട് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ബ്ലാസ്‌റ്റേഴ്‌സ് സമനിലുയമായി കളംവിടുകയായിരുന്നു. മൂന്ന് മത്സരത്തിൽനിന്ന് നാലു പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയിൽ അഞ്ചാം സ്ഥാനത്തും ഇത്രയും പോയിന്റുള്ള നോർത്ത് ഈസ്റ്റ് ആറാം സ്ഥാനത്തും എത്തി. ലീഗിൽ ഇന്ന് മത്സരമില്ല.