യൂറോകപ്പിൽ നടന്ന രണ്ടാം മത്സരത്തിൽ ഹംഗറി സ്വിറ്റ്‌സർലൻഡിനോട് 3-1 ന് പരാജയപ്പെട്ടെങ്കിലും മത്സരത്തിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഹംഗറിയുടെ ലിവർപൂൾ താരം ഡൊമനിക് സൊബോസ്ലേ. യൂറോപ്യൻ ചാംപ്യൻഷിപ്പ് ചരിത്രത്തിൽ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റൻ എന്ന നേട്ടമാണ് ഹംഗറി താരം സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
23 കാരനായ സൊബോസ്ലേയായിരുന്നു ഇന്നത്തെ മത്സരത്തിൽ ഹംഗറിയെ നയിച്ചത്. 23 വയസും 21 ദിവസമാണ് ഇപ്പോൾ സൊബോസ്ലിയുടെ പ്രായം. മത്സരത്തിന്റെ 12ാം മിനുട്ടിൽ തന്നെ സ്വിറ്റ്‌സർലൻഡ് ഗോളുമായി വരവറിയിച്ചു.
45ാം മിനുട്ടിലും സ്വിറ്റ്‌സർലൻഡ് ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ ഹംഗറി രണ്ട് ഗോളിന് പിറകിലായിരുന്നു. രണ്ടാം പകുതിയിൽ 66ാം മിനുട്ടിൽ ബമാബാസ് വാർഗയായിരുന്നു ഹംഗറിയുടെ ആശ്വാസ ഗോൾ നേടിയത്. 93ാം മിനുട്ടിൽ ബ്രീൽ എമ്പോളോയും സ്വിറ്റ്‌സർലൻഡിനായി ഗോൾ നേടിയ പട്ടിക പൂർത്തിയാക്കി.
സ്‌കോർ 3-1. 16ാം വയസ് മുതൽ തന്നെ ഹംഗറിയുടെ വിവിധ വിഭാഗങ്ങളിലുള്ള ദേശീയ ടീമിൽ കളിച്ച താരം ഹംഗറിയുടെ സീനിയർ ടീമിനൊപ്പം ഇപ്പോൾ 42 മത്സരം പൂർത്തിയായിട്ടുണ്ട്. മധ്യനിരയിൽ അസാധാരണ പന്തടക്കമുള്ള സൊബോസ്ലേ കഴിഞ്ഞ വർഷമായിരുന്നു ജർമൻ ക്ലബായ ആർ.ബി ലെപ്‌സിഗിൽനിന്ന് ലിവർപൂളിലെത്തിയത്. ലിവർപൂളിനായി 33 മത്സരം കളിച്ച താരം മൂന്ന് ഗോളും നേടിയിട്ടുണ്ട്.