ലാലിഗിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബാഴ്‌സലോണക്ക് കനത്ത തിരിച്ചടിയായി തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലെഗാനസായിരുന്നു കാറ്റാലൻമാരെ വീഴ്ത്തിയത്. പോയിന്റ് ടേബിളിൽ 15ാം സ്ഥാനത്തുള്ള ലഗാനസിനാട് അവസാനംവരെ പൊരുതിയെങ്കിലും ബാഴ്‌സക്ക് ജയിക്കാനായില്ല. 18 മത്സരം കളിച്ച ബാഴ്‌സക്ക് ഇപ്പോൾ 38 പോയിന്റാണുള്ളത്.
എന്നാൽ 17 മത്സരത്തിൽനിന്ന് 38 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ്, 17 മത്സരത്തിൽനിന്ന് 37 പോയിന്റുള്ള റയൽ മാഡ്രിഡ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. അതിനാൽ ഇനി ലീഗിൽ കിരീട പ്രതീക്ഷ വേണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കേണ്ടിവരും. ഏഴിലധികം പോയിന്റ് ലീഡ് ഉണ്ടായിരുന്ന അവസ്ഥയിൽനിന്നാണ് ബാഴ്‌സ ലീഡ് നഷ്ടപ്പെടുത്തിയത്.
അവസാനമായി കളിച്ച അഞ്ചു മത്സരത്തിൽ ഒന്നിൽമാത്രമായിരുന്നു ബാഴ്‌സലോണക്ക് ജയിക്കാനായത്. രണ്ട് തോൽവിയും രണ്ട് സമനിലയുമാണ് അവസാന അഞ്ചു മത്സരത്തിലെ ബാഴ്‌സയുടെ സമ്പാദ്യം. സീസണിന്റെ തുടക്കത്തിൽ ലാലിഗയിലും ചാംപ്യൻസ് ലീഗിലും മിന്നും പ്രകടനം പുറത്തെടുത്ത ബാഴ്‌സക്ക് ഇപ്പോൾ കാലിടറുന്ന കാഴ്ചയാണ് കാണുന്നത്.
ഇനിയുള്ള മത്സരങ്ങളിൽ ജയിക്കാതിരുന്നതാൽ തീർച്ചയായും ഇത്തവണ ലാലിഗ കിരീടം നേടാൻ ബാഴ്‌സക്ക് കഴിയില്ല. നാലാം മിനുട്ടിൽ സെർജിയോ ഗോൺസാലസ് നേടിയ ഗോളിലായിരുന്നു ലെഗാനസ് ജയിച്ചത്. 81 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് ബാഴ്‌സലോണ ആയിരുന്നെങ്കിലും ഒരു ഗോൾ പോലും നേടാൻ അവർക്കായില്ല. 20 ഷോട്ടുകളായിരുന്നു ബാഴ്‌സ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
എന്നാൽ ലഗാനസാകട്ടെ ആറു ഷോട്ടുകൾ മാത്രമാണ് ബാഴ്‌സയുടെ ഗോൾമുഖം ലക്ഷ്യമാക്കി തൊടുത്തത്. അതിൽ നാലെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. 22ന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം. ഈ മത്സരം ലീഗിലെ ബാഴ്‌സയുടെ നിർണായക പോരാട്ടമാകും.