യൂറോകപ്പ് ചാംപ്യൻമാരായ സ്‌പെയിനിനായി മിന്നും പ്രകടനം പുറത്തെടുത്ത ഡാനി ഒൽമോ പത്തു വർഷത്തിന് ശേഷം ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നു. ബാഴ്‌സലോണ അക്കാദമിയായ ലാ മാസിയയിൽനിന്ന് ഫുട്‌ബോളിന്റെ ബാല പാഠങ്ങൾ പഠിച്ചായിരുന്നു ഒൽമോ പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെച്ചത്. എഫ്.സി ബാഴ്‌സലോണയും ആർ.ബി ലെപ്‌സിഗും ഡാനി ഓൽമോയെ കൈമാറാൻ ധാരണയിലെത്തി.
2030 വരെയുള്ള ആറു വർഷത്തെ കരാറിലാണ് ഒൽമോ കാംപ്‌നൗവിലെത്തുന്നത്. 500 മില്യൻ പൗണ്ട് നൽകിയാണ് താരത്തെ ടീമിലെത്തിക്കുന്നത്. ലാമാസിയയുടെ ഉത്പന്നമായിരുന്ന ഒൽമോ ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സഗ്രബിന്റെ രണ്ടാം ഡിവിഷനിൽ കളിച്ചായിരുന്നു പ്രൊഫഷണൽ കരിയർ തുടങ്ങുന്നത്. 2014 മുതൽ 17 വരെ രണ്ടാം ഡിവിഷനിൽ കളിച്ച ഒൽമോ 2014 മുതൽ 2020 വരെ സഗ്രബിന്റെ സീനിയർ ടീമിലെ നിർണായക സാന്നിധ്യമായി.
അവിടെ നിന്ന് താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ജർമൻ ക്ലബ് ആർ.ബി ലെപ്‌സിഷ് മികച്ച തുക നൽകി ഒൽമോയെ ജർമനിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ക്രൊയേഷ്യയിൽ, ഒൽമോ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. സഗ്രബിനൊപ്പം അഞ്ച് ലീഗ് കിരീടങ്ങളും മൂന്ന് ക്രൊയേഷ്യ കപ്പുകളും ഒരു ക്രൊയേഷ്യൻ സൂപ്പർ കപ്പും നേടി. കൂടാതെ രണ്ട് തവണ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
ഡൈനാമോയ്ക്ക് വേണ്ടി കളിക്കുമ്പോൾ, ചാംപ്യൻസ് ലീഗിലും ഒൽമോ അരങ്ങേറ്റം കുറിച്ചു. ഒരേ സമയം ദേശീയ ടീമിനായും മികച്ച പ്രകടനം പുറത്തെടുത്ത ഒൽമോ 2020ലെ യൂറോ കപ്പിലെ സ്‌പെയിൻ ടീമിൽ ഇടം നേടി. ആദ്യ മത്സരത്തിൽ തന്നെ ദേശീയ ടീമിനായി ഗോൾ കണ്ടെത്തി. അതിനുശേഷം, ടോക്കിയോ ഒളിംപക്‌സിൽ അദ്ദേഹം തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു, അടുത്തിടെ നടന്ന യൂറോ 2024 ടൂർണമെന്റിൽ വിജയികളായ സ്പാനിഷ് ദേശീയ ടീമിനായി മൂന്ന് ഗോളുകൾ നേടി ടോപ്പ് സ്‌കോററായി.
2007ലായിരുന്നു ഒൽമോ ലാമാസിയയിലെത്തിയത്. അവിടെ നിന്ന് ആരംഭിച്ച യാത്ര ഇപ്പോൾ വീണ്ടും ബാഴ്‌സലോണയിലെത്തി നിൽക്കുകയാണ്. സ്വന്തം നാട്ടിൽ കളിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്. ബാഴ്‌സക്കായി മികച്ചത് തന്നെ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ, കരാറൊപ്പിട്ട ശേഷം ഒൽമോ വ്യക്തമാക്കി.