പഴയ നിയമം തിരികെ കൊണ്ട് വരണമെന്ന ആവശ്യവുമായി സി.എസ്.കെ
ഐ.പി.എല്ലും മെഗാ ലേലവുമാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ പ്രധാന ചര്‍ച്ചാവിഷയം. അടുത്ത സീസണിന് മുമ്പ് നടക്കേണ്ട മെഗാ ലേലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഐ.പി.എല്‍ ടീമുടമകളുടെ യോഗം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകം മെഗാ ലേല ചര്‍ച്ചയിലേക്ക് തിരിഞ്ഞത്.
യോഗത്തില്‍ ഓരോ ടീമുടമകളും മെഗാലേലത്തെയും താരങ്ങളെ നിലനിര്‍ത്തുന്നത് സംബന്ധിച്ചും വ്യത്യസ്ത നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. നിര്‍ദേശങ്ങളെ മാനിച്ച് ബി. സി. സി. ഐ എന്ത് തീരുമാനം കൈകൊള്ളുമെന്ന് കണ്ടറിയണം.
എന്നാല്‍ ചെന്നൈസൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിന്റെ നിര്‍ദേശമാണ് ക്രിക്കറ്റ് ലോകത്ത് ആശ്ചര്യം പടര്‍ത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ആ താരത്തെ അണ്‍ക്യാപ്പ്ഡ് താരമായി പരിഗണിക്കാമെന്ന നിയമം ഐ.പി.എല്ലില്‍ തിരികെക്കൊണ്ടുവരണമെന്നാണ് അവരുടെ ആവശ്യം. ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയെ ടീമില്‍ നിലനിര്‍ത്താനുള്ള അടവുമായാണ് സി.എസ്.കെ മാനേജ്‌മെന്റ് ബി.സി.സി.ഐയോട് ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
2008 മുതല്‍ 2021 വരെ ഐ പി എല്ലില്‍ നിലനിന്നിരുന്ന ഒരു നിയമമാണിത്. എന്നാല്‍ പിന്നീട് ബി.സി.സി.ഐ ഈ നിയമം ഉപേക്ഷിച്ചു. ഈ ഒരു സാഹചര്യത്തില്‍ ഈ നിയമം തിരകെ കൊണ്ട് വന്നാല്‍ ചെന്നൈക്ക് ധോണിയെ അണ്‍ ക്യാപ്പ്ഡ് താരമായി നിലനിര്‍ത്താം. ഇതിന് ബി.സി.സി.ഐ കൂടി കനിഞ്ഞാല്‍ സി.എസ്.കെയും ആരാധകരും ഡബിള്‍ ഹാപ്പിയാവും.
എന്നാല്‍ വിഷയത്തില്‍ ബി.സി.സി.ഐ എന്ത് നിലപാടെടുക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനുപുറമെ മെഗാലേലം സംബന്ധിച്ചുമുള്ള തീരുമാനം വൈകാതെ ബി.സി.സി.ഐ പുറത്തുവിടും.