‘എനിക്കെതിരായി സമൂഹ മാധ്യമങ്ങളിലും മറ്റും വിമർശനങ്ങൾ ഉയരുന്നത് കാണുന്നുണ്ട്. പോസിറ്റീവായ വിമർശനങ്ങളെ ഞാൻ സ്വീകരിക്കുന്നുണ്ട്. നെഗറ്റീവായവയെ അവഗണിക്കാറാണ് പതിവ്’. ഇന്നലെ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ കെ.സി.എൽ ലോഗോ പ്രകാശനത്തിനെത്തിയപ്പോഴാണ് ലോക കപ്പ് നേടിയ ഇന്ത്യൻ ടീമിലെ ആദ്യ മലയാളിയായ സഞ്ജു സാംസൺ ഒരു ചോദ്യത്തിനോട് ഇങ്ങനെ പ്രതികരിച്ചത്.
കൃത്യമായി ഒരു പൊസിഷനിൽ കളിക്കാൻ പറ്റാത്ത അവസ്ഥ എന്തുകൊണ്ടാണെന്നു ചോദിച്ചപ്പോൾ താരം പറഞ്ഞത് ‘ എല്ലാം മുകളിൽ നിന്നുള്ള തീരുമാന’മാണെന്ന് ആയിരുന്നു. മുകളിൽ നിന്നുള്ളയാൾ ‘ദൈവ’മാണെന്ന് പിന്നീടദ്ദേഹം സമർത്ഥിച്ചു. സഞ്ജുവിന്റെ ഫോം സ്ഥിരതയില്ലാത്തതാകാൻ കൃത്യമായി പൊസിഷനിൽ ഇറക്കാത്തതിനാലാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനുള്ള വിശദീകരണമായിരുന്നു ഈ മറുപടി.
സിംബാബ് വേ ടൂറിൽ ഒരുവിധം നന്നായി താൻ കളിച്ചെന്നും എന്നാൽ ശ്രീലങ്കയിൽ രണ്ടു ഡക്കുള്ള താരത്തിന് വേറെ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. താൻ ടീമിന്റെ ഭാഗമായി എന്നതുതന്നെ വലിയ കാര്യമാണെന്നും പ്രായം പ്രശ്‌നമാകുന്നതിനാൽ നിലവിൽ ഏത് പൊസിഷനിലും കളിക്കാൻ സന്നദ്ധനാണെന്നും സഞ്ജു പറഞ്ഞു.’കഴിഞ്ഞ രണ്ടു മൂന്നു മാസം ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങളാണുണ്ടായത്.
വൺ ഡേ ടീമിൽ കയറാനാണ് തീവ്രശ്രമം നടത്തിയത്. എന്നാൽ ടി20 ടീമിലാണെത്തിയത്. ലോക കപ്പ് നേടിയപ്പോഴാണ് ഇന്ത്യൻ ടീമംഗം എന്നത് ഒരു ചെറിയ കാര്യമല്ലെന്ന് മനസിലായത്.’ സഞ്ജു പറഞ്ഞു.പത്തു വയസിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലനത്തിൽ പങ്കെടുത്ത താൻ രണ്ടു പതിറ്റാണ്ടിനിപ്പുറം ദേശീയ താരമായതിൽ കഠിന പ്രയത്‌നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.റെഡ് ബോളിൽ കളിക്കാൻ ആഗ്രഹമുണ്ടെന്നും വൈറ്റ് ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും സഞ്ജു പറഞ്ഞു.
ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനായിരുന്നു സഞ്ജുവിന്റെ പ്രതികരണം. തന്റെ ക്യാപ്റ്റൻസിയിൽ രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തെ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സഞ്ജു പറഞ്ഞു.