Shopping cart

  • Home
  • Others
  • Euro Cup
  • അസിസ്റ്റിലും റെക്കോഡ്: റോണൊ, യൂറോയിലെ ഒരേ ഒരു കിങ്
Euro Cup

അസിസ്റ്റിലും റെക്കോഡ്: റോണൊ, യൂറോയിലെ ഒരേ ഒരു കിങ്

യൂറോ കപ്പ്
Email :64

യൂറോ കപ്പ് അസിസ്റ്റിൽ ക്രിസ്റ്റ്യാനോക്ക് റെക്കോഡ്

യൂറോ കപ്പില്‍ പോര്‍ചുഗല്‍ ടീമിനെ പ്രീക്വാര്‍ട്ടറിലേക്ക് നയിച്ചതിനൊപ്പം യൂറോകപ്പില്‍ അസിസ്റ്റിലും റെക്കോഡിട്ട് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. തുര്‍ക്കിക്കെതിരായ മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോളിനാണ് ക്രിസ്റ്റിയാനോ അസിസ്റ്റ് നല്‍കിയത്. ഇതോടെ യൂറോകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളെന്ന നേട്ടം സി.ആര്‍ സ്വന്തമാക്കി. എട്ട് അസിസ്റ്റുകളാണ് യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോക്കുള്ളത്. ചെക് റിപബ്ലിക്കിന്റെ പൊപോര്‍സ്‌കിയെയാണ് യൂറോ അസിസ്റ്റുകളുടെ എണ്ണത്തില്‍ റോണൊ മറികടന്നത്. 14 ഗോളുകളുമായി യൂറോ കപ്പിലെ ഗോള്‍വേട്ടക്കാരുടെ ലിസ്റ്റിലും ക്രിസ്റ്റിയാനോ തന്നെയാണ് ഒന്നാമത്.

തുര്‍ക്കിക്കെതിരേ മത്സരത്തിന്റെ 56ാം മിനുട്ടിലായിരുന്നു റോണോയുടെ അസിസ്റ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഗോള്‍വല കുലുക്കിയത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജയിച്ചായിരുന്നു പറങ്കിപ്പടയുടെ പ്രീക്വാര്‍ട്ടര്‍ എന്‍ട്രി. രണ്ട് മത്സരത്തില്‍നിന്ന് ആറു പോയിന്റാണ് പോര്‍ചുഗലിനുള്ളത്. 27ന് ജോര്‍ജിയക്കെതിരേയാണ് ടീമിന്റെ അടുത്ത മത്സരം.

ആത്മവിശ്വാസത്തോടെ തുടങ്ങിയ പോര്‍ച്ചുഗല്‍ 21ാം മിനുട്ടില്‍ ബെര്‍ണാഡോ സില്‍വയിലൂടെ ആദ്യ ഗോള്‍ നേടി. ഒരു ഗോള്‍ വീണതോടെ ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ തുര്‍ക്കി കഠിന ശ്രമം നടത്തിയെങ്കിലും പോര്‍ച്ചുഗീസ് പ്രതിരോധം ശക്തമായി നിലയുറപ്പിച്ചു. സമനില ഗോളിനായി തുര്‍ക്കി പൊരുതുന്നതിനിടെ തുര്‍ക്കി രണ്ടാം ഗോളും വഴങ്ങി.

തുര്‍ക്കി താരം ഗോള്‍ കീപ്പര്‍ക്ക് നല്‍കി പാസ് സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. രണ്ട് ഗോള്‍ ലീഡ് നേടിയതോടെ പറങ്കിപ്പട ആത്മവിശ്വാസത്തോടെയാണ് പിന്നീട് പന്തു തട്ടിയത്. ആദ്യ പകുതിയില്‍തന്നെ രണ്ട് ഗോളിന്റെ വ്യക്തമായ ലീഡ് നേടിയ പോര്‍ച്ചുഗല്‍ രണ്ടാം പകുതിയിലും മത്സരത്തില്‍ മേധാവിത്തം തുടര്‍ന്നു. 56ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ വക മൂന്നാം ഗോള്‍. മൂന്ന് ഗോള്‍ വഴങ്ങിയതോടെ തുര്‍ക്കി തോല്‍വി ഉറപ്പിച്ചിരുന്നു. പിന്നീട് അവര്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പോര്‍ച്ചുഗീസ് പ്രതിരോധം എല്ലാം വിഫലമാക്കുകയായിരുന്നു. ആര്‍ദ ഗൂലറിനെ ബെഞ്ചിലിരുത്തിയായിരുന്നു തുര്‍ക്കി ടീമിനെ കളത്തിലിറക്കിയത്. രണ്ടാം പകുതിക്ക് ശേഷമായിരുന്നു ഗൂലര്‍ കളത്തിലിറങ്ങിയത്. എന്നാല്‍ താരത്തിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts