മൂന്നാം മത്സരത്തിൽ ബ്രസീൽ കൊളംബിയയെ നേരിടും
കോപാ അമേരിക്കയിലെ രണ്ടാം മത്സരത്തിലും മികച്ച ജയം നേടിയിരിക്കുകയാണ് കൊളംബിയ. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരാണിപ്പോൾ കൊളംബിയ. ഇന്ന് നടന്ന മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച കോസ്റ്റ റിക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ചാണ് കൊളംബിയ കരുത്ത് തെളിയിച്ചത്.
ഇതോടെ തോൽവി അറിയാതെ കൊളംബിയ 25 മത്സരം പൂർത്തിയാക്കി. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും പന്ത് കൈവശം വെച്ച് കളിച്ച കൊളംബിയ കോസ്റ്റ റിക്കക്കുമേൽ സമ്പൂർണ ആധിപത്യം പുലർത്തി. 31ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽിന്നായിരുന്നു കൊളംബിയ ആദ്യ ഗോൾ നേടിയത്. കിക്കെടുത്ത ലിവർപൂൾ താലം ലൂയീസ് ഡയസിന് പിഴച്ചില്ല.
താരം പന്ത് അനായാസം വലയിലെത്തിച്ച് ടീമിന് ആദ്യ ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി മത്സരം പൂർത്തിയാക്കിയ കൊളംബിയ രണ്ടാം പകുതിയിൽ മികച്ച ഊർജവുമായി എത്തി. 59ാം മിനുട്ടിൽ കൊളംബിയക്കായി ഡേവിൻസൻ സാഞ്ചസ്‌കൂടി ഗോൾ നേടിയതോടെ സ്‌കോർ 2-0 എന്നായി. ഇതോടെ കൊളംബിയ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
62ാം മിനുട്ടിൽ ജോൺ കൊർഡോബയുടം ഗോൾ കൊളംബിയയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. രണ്ട് മത്സരത്തിലും ജയിച്ച കൊളംബിയ ആറു പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്. ജൂലൈ മൂന്നിന് ബ്രസീലിനെതിരേയാണ് കൊളംബിയയുടെ ഗ്രൂപ്പിലെ മൂന്നാം മത്സരം.
25 മത്സരത്തിൽ തോൽവി അറിയാതെ കുതിക്കുന്ന കൊളംബിയയെ വീഴ്ത്തണമെങ്കിൽ കാനറികൾ നന്നായി കഷ്ടപ്പെടേണ്ടി വരും. അതേസമയം ഇന്നത്തെ മത്സരത്തിൽ പരാഗ്വയെ വീഴ്ത്തിയതോടെ ബ്രസീലന്റെ ക്വാർട്ടർ പ്രതീക്ഷകൾ സജീവമായി. 4-1 എന്ന സ്‌കോറിനായിരുന്നു ബ്രസീൽ പരാഗ്വയെ മുട്ടുകുത്തിച്ചത്.