ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും തിരിച്ചടി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡച്ച് ഫുട്‌ബോൾ ക്ലബായ ഫെയനൂർദാണ് സിറ്റിയെ സമനിലയിൽ തളച്ചത്. 3-3 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. മൂന്ന് ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു സിറ്റി സമനില വഴങ്ങിയത്. നേരത്തെ ചാംപ്യൻസ് ലീഗിലേറ്റ തോൽവിയുടെ ക്ഷീണം മറക്കാൻ ജയം വേണമെന്ന ലക്ഷ്യത്തോടെയായിരുന്നു സിറ്റി ഇറങ്ങിയത്.
എന്നാൽ മത്സരത്തിൽ അന്തിമ ജയം നേടാൻ പെപ്പിനും സംഘത്തിനും കഴിഞ്ഞില്ല. 44ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എർലിങ് ഹാളണ്ടാണ് സിറ്റിക്ക് ലീഡ് നൽകിയത്. മത്സരം പുരോഗമിക്കവെ 50ാം മിനുട്ടിൽ ഇൽകെ ഗുണ്ടോഗനിലൂടെ സിറ്റി രണ്ടാം ഗോളും മത്സരത്തിൽ മേധാവിത്തം നേടാൻ ശ്രമിച്ചു. 53ാം മിനുട്ടിൽ ഹാളണ്ടിന്റെ രണ്ടാം ഗോളും സിറ്റിയുടെ മൂന്നാം ഗോളും ഫെയനൂർദിന്റെ വലയിലായി.
എന്നാൽ പിന്നീട് 75ാം മിനുട്ടിന് ശേഷമായിരുന്നു ഫെയനൂർദ് തിരിച്ചുവന്നത്. 75ാം മിനുട്ടിൽ അനിസ് മൂസയുടെ ഗോളിൽ ഒരു ഗോൾ മടക്കി സ്‌കോർ 3-1 എന്നാക്കി. ഒരു ഗോൾ മടക്കിയതോടെ ഫെയനൂർദിന്റെ ഊർജം വർധിച്ചു. 82ാം മിനുട്ടിൽ രണ്ടാം ഗോളും 89ാം മിനുട്ടിൽ മൂന്നാം ഗോളും ഫെയനൂർദ് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ കയ്യിലുണ്ടായിരുന്ന മത്സരം സിറ്റിക്ക് നഷ്ടമാവുകയായിരുന്നു.
64 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച സിറ്റി 18 ഷോട്ടുകളായിരുന്നു ഫെയനൂർദിന്റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്‌സലോണ ബ്രസ്റ്റിനെ വീഴ്ത്തി. മത്സരത്തിൽ 76 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ബാഴ്‌സ അനായാസ ജയമായിരുന്നു നേടിയത്. റോബർട്ട് ലെവന്‌ഡോസ്‌കിയുടെ ഇരട്ട ഗോളായിരുന്നു ബാഴ്‌സക്ക് തുണയായത്.
66ാം മിനുട്ടിൽ ഡാനി ഒൽമോയും കാറ്റാലൻമാർക്കായി ലക്ഷ്യം കണ്ടു. എതിരില്ലാത്ത ഒരു ഗോളിന് ബയേൺ മ്യൂണിക് പി.എസ്.ജിയെ തോൽപിച്ചു. ലാലിഗ കരുത്തൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത അഞ്ചു ഗോളിന് സ്പാർട്ട പ്രാഹയെ തോൽപ്പിച്ചു. ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളായിരുന്നു അത്‌ലറ്റിക്കോക്ക് കരുത്തായത്. മാർക്കോ ലോറന്റെ, അന്റോയിൻ ഗ്രിസ്മാൻ, എയ്ഞ്ചൽ കൊറയ എന്നിവരും അത്‌ലേറ്റികൾക്കായി ലക്ഷ്യം കണ്ടു.
പ്രീമിയർ ലീഗ് കരുത്തൻമാരായ ആഴ്‌സനൽ 5-1 എന്ന സ്‌കോറിന് സ്‌പോർട്ടിങ്ങിനെയും വീഴ്ത്തി. ഗബ്രിയേൽ മാർട്ടിനല്ല (7), കെയ് ഹാവർട്‌സ് (22), ഗബ്രിയേൽ മാഗൽഹസ് (46), ബുകയോ സാക (65), ലിയാൻദ്രോ ട്രൊസാർഡ് (82) എന്നിവരാണ് ഗണ്ണേഴ്‌സിനായി ഗോളുകൾ കണ്ടെത്തിയത്. ജർമൻ ചാംപ്യന്മാരായ ബയർ ലെവർകൂസൻ എതിരില്ലാത്ത അഞ്ച് ഗോളിന് ആർ.ബി സാൽസ്ബർദിനെ വീഴ്ത്തി.