ചാംപ്യൻസ് ലീഗിൽ വമ്പൻമാർ ഇന്ന് കളത്തിലിറങ്ങുന്നു. ലിവർപൂൾ, ബയേൺ മ്യൂണിക്, റയൽ മാഡ്രിഡ്, പി.എസ്.ജി എന്നിവരാണ് വിവിധ മത്സരങ്ങൾക്കായി ഇന്ന് കളത്തിലിറങ്ങുന്നത്. എവേ മത്സരത്തിൽ ലിവർപൂൾ ഇന്ന് ലാലിഗ ക്ലബായ ജിറോണയെ നേരിടും. പ്രീമിയർ ലീഗിലും ചാപ്യൻസ് ലീഗിലും മികച്ച ഫോമിൽ നിൽക്കുന്ന ലിവർപൂൾ തുടർ ജയം തേടിയാകും ഇന്നും എത്തുക.
നിലവിൽ ചാംപ്യൻസ് ലീഗിൽ അഞ്ച് മത്സരത്തിൽനിന്ന് 15 പോയിന്റുള്ള ലിവർപൂൾ തന്നെയാണ് ഒന്നാമത്. ഇതുവരെ കളിച്ച അഞ്ചു മത്സരവും ജയിച്ച ലിവർപൂളിനെ സ്വന്തം മൈതാനത്ത് തടയുക എന്ന ലക്ഷ്യത്തോടെ ജിറോണ എത്തുമ്പോൾ ഇന്നത്തെ മത്സരം തീ പാറുന്നതാകും. രാത്രി 11.15നാണ് മത്സരം. അഞ്ച് മത്സരത്തിൽനിന്ന് മൂന്ന് പോയിന്റ്മാത്രമുള്ള ജിറോണ പട്ടികയിൽ 30ാം സ്ഥാനത്താണ്.
രാത്രി 1.30ന് നടക്കുന്ന മത്സരത്തിൽ ഷാക്തർ ഡോൺസ്റ്റക്കും ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കും തമ്മിലാണ് മറ്റൊരു മത്സരം. എവേ മത്സരത്തിലാണ് ബയേൺ ഷാക്തറിനെ നേരിടുന്നത്. രാത്രി ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ പി.എസ്.ജി ആർ.ബി സാൽസ്ബർഗിനെ നേരിടും. ലാഗിൽ ഇതുവരെ അഞ്ച് മത്സരം കളിച്ച പി.എസ്.ജി ഒറ്റ ജയം മാത്രമാണ് നേടിയത്.
അഞ്ച് മത്സരത്തിൽനിന്ന് നാലു പോയിന്റ് മാത്രമുള്ള പി.എസ്.ജിക്ക് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സഗ്രബ് സെൽറ്റിക്കിനെ നേരിടും. എവേ മത്സരത്തിൽ ഇറ്റാലിയൻ കരുത്തൻമാരായ അറ്റ്‌ലാന്റയുടെ ഹോം ഗ്രൗണ്ടിൽ റയൽ മാഡ്രിഡ് ഇറങ്ങുന്നുണ്ട്. അഞ്ച് മത്സരത്തിൽനിന്ന് ആറു പോയിന്റ് മാത്രമുള്ള റയൽ ഇപ്പോൾ പട്ടികയിൽ 24ാം സ്ഥാനത്താണ്.
രണ്ട് ജയവും മൂന്ന് തോൽവിയുമാണ് റയലിന്റെ നേട്ടം. ലീഗിൽ മുന്നോട്ട് നീങ്ങണമെങ്കിൽ റയലിന് ഇനിയുള്ള മത്സരങ്ങളിൽ ജയം അനിവാര്യമാണ്. ബ്രസ്റ്റ് പി.എസ്.വി നേരിടുമ്പോൾ ക്ലബ്ബ് ബ്രൂഷേ സ്‌പോർട്ടിങ്ങിനെ നേരിടും.