പാരിസിൽ നടക്കുന്ന ഒളിംപിക്‌സിന് അതിഥിയായി പാരിസിലെത്തിയ ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം സീക്കോയെ യാത്രക്കിടെ കൊള്ളയടിച്ചതായി റിപ്പോർട്ട്. ദി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പണവും വാച്ചുമടങ്ങുന്ന ബാഗാണ് കാറിൽനിന്ന് മോഷണം പോയത്. സംഭവത്തിന് ശേഷം സീക്കോയുടെ പരാതിയെ തുടർന്ന് പൊലിസ് ശക്താമയ അന്വേഷണം നടത്തുന്നുണ്ട്.
ബ്രസീൽ ഒളിംപിക്‌സ് ടീമിന്റെ അതിഥിയായിട്ടായിരുന്നു സീക്കോ പാരിസിലെത്തിയത്. 420,000 പൗണ്ടിന്റെ (4,52,00,591)സ്തുക്കളാണ് മോഷണം പോയത്. 71 കാരനായ സീക്കോ ടാക്‌സിയിൽ സഞ്ചരിക്കുമ്പോഴായിരുന്നു താരത്തിന്റെ ബാഗ് മോഷണം പോയത്. ഡയമണ്ട് നെകഌ്, പണം, റോളക്‌സ് വാച്ച് എന്നിവയായിരുന്നു മോഷണം പോയവയിലെ പ്രധാനപ്പെട്ട വസ്തുക്കൾ. ദിവസങ്ങൾക്കു മുമ്പ് പാരീസിലെത്തിയ മാധ്യമ സംഘവും കവർച്ചയ്ക്ക് ഇരയായിരുന്നു.
കവർച്ചയ്ക്കിടെ ചാനലിന്റെ രണ്ട് ജീവനക്കാരെ മോഷ്ടാക്കൾ ആക്രമിക്കുകയും ചെയ്തു. നേരത്തെ തന്നെ പാരിസിൽ അക്രമികളും കൊള്ളക്കാരും കൂടുതലായിരുന്നു. എന്നാൽ ഒളിംപിക്‌സ് പ്രമാണിച്ച് പാരിസിലും പരിസരപ്രദേശങ്ങളും മികച്ച സുരക്ഷയാണ് പൊലിസ് ഒരുക്കുന്നത്. പക്ഷെ ഇപ്പോഴും അക്രമങ്ങളും കൊള്ളയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒളിംപിക്‌സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് പാരിസിലേക്കുള്ള അതിവേഗ ട്രെയിനിൽ അക്രമണം നടന്നിരുന്നു.
അക്രമത്തെ തുടർന്ന് ഏറെനേരം ട്രെയിൻ ഗതാഗതം സ്തംഭിക്കുകയും ചെയ്തു. പല ട്രെയിനുകളും വഴി തിരിച്ചുവിടുകയും പലതും റദ്ദാക്കുകയും ചെയ്തു. തുടർന്ന് ഒളിംപിക്‌സ് ഉദ്ഘാടനത്തിനായി പാരിസിലെത്തിയ നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്. വൈകുന്നേരത്തോടെയായിരുന്നു ട്രെയിൻ ഗതാഗതം പൂർണ രീതിയിലായത്. എന്നാൽ ട്രെയിനിൽ അക്രമണം നടത്തിയത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഒളിംപിക്‌സിൽ അത്‌ലറ്റിക്‌സിന് പുറമെ ഫുട്‌ബോളിലും ബ്രസീൽ മത്സരിക്കുന്നുണ്ട്. ഇത്തവണ പുരുഷ ഫുട്‌ബോൾ യോഗ്യത ലഭിക്കാത്ത ബ്രസീലിന്റെ വനിതാ ടീം മത്സരിക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീൽ വനിതകൾ നൈജീരിയയെ തോൽപിച്ചിരുന്നു. ഞായറാഴ്ച ജപ്പാനെതിരേയാണ് ബ്രസീലിന്റെ ടൂർണമെന്റിലെ രണ്ടാം മത്സരം.