കോപാ അമേരിക്ക ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കണമെങ്കിൽ ബ്രസീലിന് ഇന്ന് കൊളംബിയയെ തോൽപിച്ചേ തീരൂ എന്ന അവസ്ഥയാണ്. ആദ്യ മത്സരത്തിൽ കോസ്റ്റ റിക്കയോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ബ്രസീൽ രണ്ടാം മത്സരത്തിൽ പരാഗ്വയെ 4-1 എന്ന സ്‌കോറിന് തോൽപിച്ചിരുന്നു. നിലവിൽ രണ്ട് മത്സരത്തിൽനിന്ന് നാലു പോയിന്റുമായി ബ്രസീൽ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. എന്നാൽ മൂന്നാം സ്ഥാനത്തുള്ള കോസ്റ്റ റിക്കക്ക് ഒരു പോയിന്റാണുള്ളത്. അതിനാൽ ഒരുപക്ഷെ ബ്രസീൽ ഇന്ന് തോൽക്കുകയും കോസ്റ്റ റിക്ക വൻമാർജിനിൽ ജയിക്കുകയും ചെയ്താൽ കോസ്റ്റ റിക്കക്ക്ക്വാർട്ടർ കളിക്കാം. സമനിലയായാലും കാനറികൾക്ക് രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ടിക്കറ്റ് ലഭിക്കുമെങ്കിലും അവിടെ നേരിടേണ്ടി വരിക ശക്തരായ ഉറുഗ്വയെ ആയിരിക്കും.
ഈ സാധ്യതകളെല്ലാം ഒഴിവാക്കാൻ ബ്രസീലിന് മുന്നിൽ ഇന്ന് ജയിക്കുക എന്ന ഒറ്റ തീരുമാനം മാത്രമാണുണ്ടാവുക.
എന്നാൽ എതിരാളികളായ കൊളംബിയയെ ബ്രസീൽ അൽപം ഭയക്കേണ്ടി വരും. കാരണം തുടർച്ചയായ 25 മത്സരത്തിലും തോൽവി അറിയാതെ കുതിക്കുന്ന ടീമാണ് കൊളംബിയ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പരാഗ്വയെ 2-1ന് തോൽപിച്ച കൊളംബിയ രണ്ടാം മത്സരത്തൽ ബ്രസീലിനെ സമനിലയിൽ തളച്ച കോസ്റ്റ റിക്കയെ എതിരില്ലാത്ത മൂന്ന് ഗോളിനും തോൽപിച്ചിരുന്നു. അതിനാൽ ഇന്ന് അൽപം ശ്രദ്ധയോടെ കരുക്കൾ നീക്കിയാൽ മാത്രമേ കാനറികൾക്ക് ക്വാർട്ടറിൽ പ്രവേശിക്കാൻ കഴിയൂ. നാളെ രാവിലെ 6.30നാണ് മത്സരം.
ഇതേ സമയത്ത് നടക്കുന്ന ഗ്രുപ്പിലെ മറ്റൊരു മത്സരത്തിൽ കോസ്റ്ററിക്കയും പരാഗ്വയും തമ്മിലാണ് പോരാട്ടം. പൂജ്യം പോയിന്റുള്ള പരാഗ്വയുടെ പ്രതീക്ഷകൾ അസ്തമിച്ചിട്ടുണ്ട്.
പാരഗ്വയെ വൻ മാർജിനിൽ കീഴടക്കി കോസ്റ്റ റിക്ക ഈ അവസരം മുതലെടുത്താൽ ഒരുപക്ഷെ ബ്രസീലിന് അത്ക്ഷീണമാകും. നാളെത്തോടെ കോപയുടെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ പൂർത്തിയാകും.
വെള്ളിയാഴ്ച അർജന്റീനയും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് കോപയിലെ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാവുക.