ലാലിഗയിലെ ടേബിൾ ടോപ്പർ സ്ഥാനം നഷ്ടപ്പെട്ട് ബാഴ്‌സലോണ. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് അടിയറവ് പറഞ്ഞതോടെയാണ് ബാഴ്‌സലോണയുടെ ഒന്നാം സ്ഥാനം നഷ്ടമായത്. നിർണായക മത്സരത്തിൽ 2-1 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സലോണ അത്‌ലേറ്റികളോട് അടിയറവ് പറഞ്ഞത്.
ജയം അനിവാര്യമായ മത്സരത്തിൽ ബാഴ്‌സലോണ മികച്ച പ്രകടനമായിരുന്നു തുടക്കത്തിൽ പുറത്തെടുത്തത്. 30ാം മിനുട്ടിൽ പെഡ്രിയായിരുന്നു ബാഴ്‌സലോണക്കായി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിൽ ബാഴ്‌സ മേധാവിത്തം പുലർത്തിയെങ്കിലും അത്‌ലറ്റിക്കോ അക്രമം നിർത്തിയില്ല. ശക്തമായ നീക്കത്തിനൊടുവിൽ രണ്ടാം പകുതിയിൽ അത്‌ലറ്റിക്കോ റോഡ്രിഗോ ഡീ പോളിലൂടെ ഗോൾ മടക്കി മത്സരത്തിൽ സമനില നേടി.
മത്സരം സമനിലയിൽ അവസാനിക്കാനിരിക്കെയായിരുന്നു അവസാന മിനുട്ടിൽ അത്‌ലറ്റിക്കോ വിജയ ഗോൾ നേടിയത്. 96ാം മിനുട്ടിൽ അലക്‌സാണ്ടർ സോറോത്തായിരുന്നു അത്‌ലേറ്റികൾക്കായി വിജയഗോൾ നേടിയത്. മത്സരത്തിൽ 63 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ബാഴ്‌സ 19 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
അതിൽ ഏഴെണ്ണം ഷോട്ട് ഓൺ ഗാർഗറ്റാവുകയും ചെയ്തു. എന്നാൽ അഞ്ച് ഷോട്ടുകൾ മാത്രമാണ് അത്‌ലറ്റിക്കോ തൊടുത്തത്. അതിൽ നാല് എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. ജയിച്ചതോടെ 18 മത്സരത്തിൽനിന്ന് 41 പോയിന്റുള്ള അത്‌ലറ്റിക്കോ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 19 മത്സരത്തിൽനിന്ന് 38 പോയിന്റുള്ള ബാഴ്‌സ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 17 മത്സരത്തിൽനിന്ന് 37 പോയിന്റുള്ള റയൽ മാഡ്രിഡ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.