ലാലിഗയിൽ കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. എസ്പാനിയോളിനെ 3-1 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സലോണ തോൽപ്പിച്ചത്. ഡാനി ഒൽമോയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് കാറ്റാലൻമാർ മികച്ച ജയം നേടിയത്. മത്സരം തുടങ്ങി 12ാം മിനുട്ടിൽ ബാഴ്‌സലോണ ആദ്യ ഗോൾ നേടി. ലാമിനെ യമാലിന്റെ പാസിൽനിന്ന് ഡാനി ഒൽമോയാണ് ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ബാഴ്‌സ അധികം വൈകാതെ രണ്ടാം ഗോളും നേടി.
23ാം മിനുട്ടിൽ റഫീഞ്ഞയായിരുന്ന ബാഴ്‌സക്കായി രണ്ടാം ഗോൾ നേടിയത്. രണ്ട് ഗോൾ നേടിയതോടെ ശക്തിയാർജ്ജിച്ച കാറ്റാലൻമാർ അധികം വൈകാതെ മൂന്നാം ഗോളും നേടി മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തി. 31ാം മിനുട്ടിൽ ഡാനി ഒൽമോ തന്നെയായിരുന്നു മൂന്നാം ഗോളും നേടിയത്. മത്സരത്തിൽ 78 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ബാഴ്‌സലോണ 14 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
അതിൽ ഒൻപത് ഷോട്ടുകൾ ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. 12 മത്സരത്തിൽനിന്ന് 33 പോയിന്റുള്ള ബാഴ്‌സലോണ പട്ടികയിൽ ഒന്നാം സ്ഥാനത്താണിപ്പോൾ. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി ഒൻപത് പോയിന്റിന്റെ വിത്യാസമുണ്ട്. 11ന് റയൽ സോസിഡാഡിനെതിരേയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം. അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് ലാസ് പാൽമാസിനെ തോൽപ്പിച്ചു.
ഗ്വിയിലാനോ സിമയോണി (37), അലക്‌സാണ്ടർ സോറോത്ത് (83) എന്നിവരായിരുന്നു അത്‌ലറ്റിക്കോക്കായി ഗോളുകൾ നേടിയത്. 12 മത്സരത്തിൽനിന്ന് 23 പോയിന്റുള്ള അത്‌ലറ്റിക്കോ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. എതിരില്ലാത്ത രണ്ട് ഗോളിന് റയൽ സോസിഡാഡ് സെവിയ്യയെ തോൽപിച്ചു. അത്‌ലറ്റിക് ക്ലബ് റയൽ ബെറ്റിസ് മത്സരം 1-1 എന്ന സ്‌കോറിന് സമനിലയിൽ അവസാനിച്ചു.