ആദ്യ മത്സരത്തിൽ കാനഡയെ വീഴ്ത്തി
കോപാ അമേരിക്ക ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങി മെസ്സിയും സംഘവും. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് കാനഡയെയാണ് അർജന്റീന പരാജയപ്പെടുത്തിയത്. ജയം അനുവാര്യമായതിനാൽ ശ്രദ്ധയോടെയായിരുന്നു അർജന്റീന തുടങ്ങിയത്. എന്നാൽ ലോക ചാംപ്യൻമാരാണ് എതിരാളികൾ എന്ന് ചിന്തിക്കാതെയായിരുന്നു കാനഡയുടെ ഓരോ മുന്നേറ്റവും.
ആദ്യ പകുതിയിൽ പലപ്പോഴും കാനഡ അർജന്റീനൻ ഗോൾമുഖത്ത് ഭീതി പരത്തിക്കൊണ്ടിരുന്നു. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിക്ക് ശേഷമായിരുന്നു അർജന്റീനയുടെ രണ്ട് ഗോളുകളും പിറന്നത്. 49ാം മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ലഭിച്ച റീ ബോണ്ട് പന്ത് ജൂലിയൻ അൽവാരെസ് വലയിലെത്തിച്ചതോടെ അർജന്റീന ഒരു ഗോളിന്റെ ലീഡ് നേടി.
ഒരു ഗോൾ വഴങ്ങിയെങ്കിലും കാനഡയുടെ ശൗര്യം കുറഞ്ഞില്ല. രണ്ടാം പകുതിക്ക് ശേഷം ചില മാറ്റങ്ങൾ വരുത്തിയതോടെ അർജന്റീനയുടെ മുന്നേറ്റത്തിന് ശക്തികൂടി. നിക്കോളാസ് ടാഗ്ലിഫികോ, ഗോൺസാലോ മോണ്ടിയാൽ,ലോസെൽസോ, നിക്കോളാസ് ഒട്ടാമെൻഡി, ലൗതാരോ മാർട്ടിനസ് എന്നിവർ കളത്തിലിറങ്ങി.
മത്സരം പുരോഗമിച്ചുകൊണ്ടിരിക്കെ 88ാം മിനുട്ടിൽ അർജന്റീനയുടെ രണ്ടാം ഗോളും വന്നു. മെസ്സിയുടെ പാസിൽനിന്ന് പകരക്കാരനായി കളത്തിലെത്തിയ ലൗതാരോ മാർട്ടിനസിന്റെ വകയായിരുന്നു രണ്ടാം ഗോൾ. കൂടുതൽ ഗോളുകൾ നേടാൻ അർജന്റീനക്ക് അവസരം ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. 65 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച അർജന്റീന 18 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ എട്ടെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. 26ന് ചിലിക്കെതിരേയാണ് അർജന്റീനയുടെ അടുത്ത മത്സരം.