ഈസ്റ്റ് ബംഗാളിനും ഡൽഹി എഫ്.സിക്കും ട്രാൻസ്ഫർ വിലക്ക്
മുൻ മോഹൻബഗാൻ എഫ്.സി താരമായിരുന്ന പ്രതിരോധ താരം അൻവർ അലിക്ക് നാലു മാസം വിലക്ക്. ട്രാൻസ്ഫർ നടപടികൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ അൻവർ അലിക്ക് വിലക്ക് പ്രഖ്യാപിച്ചത്. കൂടാതെ ഈസ്റ്റ് ബംഗാൾ, അൻവർ അലിയുടെ മാതൃ ക്ലബായ ഡൽഹി എഫ്.സി എന്നിവരെ ട്രാൻസ്ഫർ നടപടികൾനിന്ന് വിലക്കുകയും ചെയ്തു.
ഈസ്റ്റ് ബംഗാളിൽ ചേരുന്നതിന് വേണ്ടി അൻവർ അലി നിയമവിരുദ്ധമായി മോഹൻ ബഗാനുമായുള്ള കരാർ അവസാനിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എ.ഐ.എഫ്.എഫിന്റെ നടപടി. കൂടാതെ അൻവർ, ഈസ്റ്റ് ബംഗാൾ, ഡൽഹി എഫ്.സി എന്നിവർ ചേർന്ന് മോഹൻ ബഗാന് 12.9 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവുണ്ട്.
മോഹൻ ബഗാനുമായി കരാറുള്ള അൻവർ ഇ മെയിൽ വഴി കരാർ അവസാനിപ്പിക്കുന്നതായും ഈസ്റ്റ് ബംഗാളുമായി കരാറിലെത്തിയെന്നുമായിരുന്നു അറിയിച്ചത്. തുടർന്നായിരുന്നു ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയത്. ഈസ്റ്റ് ബംഗാളുമായി അഞ്ചു വർഷത്തെ കരാറിലായിരുന്നു അൻവർ അലി ഒപ്പുവെച്ചത്.
കളിക്കാരുടെ സ്റ്റാറ്റസ് ആൻഡ് ട്രാൻസ്ഫർ സംബന്ധിച്ച എ.ഐ.എഫ്.എഫ് റെഗുലേഷന്റെ ആർട്ടിക്കിൾ 15 പറയുന്നത്,
ഒരു പ്രൊഫഷണൽ കളിക്കാരനും ക്ലബും തമ്മിലുള്ള കരാർ കാലാവധി അവസാനിക്കുന്നതിനോ പരസ്പര ഉടമ്പടിയിലൂടെയോ മാത്രമേ അവസാനിപ്പിക്കാവൂ എന്നാണ്. എന്നാൽ അൻവർ അലി മോഹൻ ബഗാന്റെ അനുമതിയില്ലാതെയായിരുന്നു ട്രാൻസഫർ നടപടികൾ പൂർത്തിയാക്കിയത്. വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അൻവറും അദ്ദേഹത്തിന്റെ മാതൃ ക്ലബ്ബായ ഡൽഹി എഫ്.സിയും ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ തർക്ക പരിഹാര സമിതിയെ സമീപിച്ചിരുന്നു.
ആഗസ്ത് മൂന്നിലെ ഇടക്കാല ഉത്തരവിൽ ‘ന്യായമായ കാരണമില്ലാതെ’ ലോൺ അവസാനിപ്പിക്കുന്നതായി കമ്മിറ്റി കണ്ടെത്തിയെങ്കിലും, സ്വന്തം ഉത്തരവാദിത്തത്തിൽ മറ്റൊരു ക്ലബ്ബിൽ ചേരാൻ അൻവറിന് അനുമതി നൽകുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു ഈസ്റ്റ് ബംഗാൾ അൻവറിനെ ടീമിലെത്തിച്ച കാര്യം പ്രഖ്യാപിച്ചത്.