യൂറോ കപ്പിൽ ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ ഇറ്റലിയെ വിറപ്പിച്ച് അൽബേനിയ കീഴടങ്ങി. മത്സരത്തിൽ യൂറോ ചാംപ്യൻഷിപ്പിലെ റെക്കോർഡ് അൽബേനിയ തകർത്തെങ്കിലും അസൂറികളെ തോൽപിക്കാൻ അവർക്കായില്ല. മത്സരം തുടങ്ങി 23ാം സെക്കൻഡിൽതന്നെ അൽബേനിയ സ്‌കോർ ചെയ്തതോടെ ഇറ്റലി ഞെട്ടി.
ഇറ്റിലിയുടെ ബോക്‌സിനടുത്തുനിന്ന് ലഭിച്ച ത്രോ ഇൻ നദീം ബയ്‌റാമി മികച്ച ഷോട്ടിലൂടെ ഇറ്റലിയുടെ വലയിലെത്തിക്കുകയായിരുന്നു. യൂറോ കപ്പിലെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു ഇന്നലെ പിറന്നത്. എന്നാൽ ഇതുകൊണ്ടൊന്നും കുലുങ്ങാത്ത ഇറ്റലി 11ാം മിനുട്ടിൽ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. അലെസാന്ദ്രോ ബസ്‌തോണിയായിരുന്നു ഇറ്റലിയുടെ സമനില ഗോൾ നേടിയത്.
അധികം വൈകാതെ രണ്ടാം ഗോളും നേടി മത്സരത്തിൽ ലീഡ് നേടാനും ഇറ്റലിക്ക് കഴിഞ്ഞു. നിക്കോളോ ബാരെല്ലയായിരുന്നു രണ്ടാം ഗോൾ നേടിയത്. പിന്നീട് അൽബേനിയയുടെ മുന്നേറ്റത്തെ ശക്തമായി പ്രതിരോധിച്ച ഇറ്റലി 2-1ന്റെ ജയവുമായിട്ടായിരുന്നു മത്സരം പൂർത്തിയാക്കിയത്. 21ന് സ്‌പെയിനിനെതിരേയാണ് ഇറ്റലിയുടെ അടുത്ത മത്സരം.