മറ്റൊരു അഡ്ലെയ്ഡ്- മറ്റൊരു പിങ്ക്ബോള്‍ ടെസ്റ്റ് – മറ്റൊരു തോല്‍വി. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരിക്കുകയാണ്. രാത്രിയും പകലുമായി നടന്ന പിങ്ക്ബോള്‍ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ വമ്പന്‍ പരാജയമാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ വിദേശത്തെ ആദ്യ പിങ്ക്ബോള്‍ ടെസ്റ്റ് വിജയമെന്ന മോഹം സഫലമാവാന്‍ ടീം ഇന്ത്യ ഇനിയും കാത്തിരിക്കണം.
ഇതുവരെ അഞ്ച് പിങ്ക്ബോള്‍ ടെസ്റ്റുകളിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇതില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടെണ്ണം പരാജയപ്പെട്ടു. വിജയിച്ച മൂന്ന് ടെസ്റ്റുകളും ഇന്ത്യയില്‍ നടന്ന മത്സരങ്ങളിലാണ്. പരാജയപ്പെട്ട രണ്ടും അഡ്ലെയ്ഡിലാണെന്നതും വസ്തുതയാണ്.
ഇന്ത്യയുടെ ഇതുവരെയുള്ള പിങ്ക്ബോള്‍ മത്സരങ്ങള്‍
1 . 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യ ആദ്യമായി പിങ്ക് ബോള്‍ ടെസ്റ്റിനിറങ്ങിയത്. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്സിനും 46 റണ്‍സിനുമാണ് അന്ന് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.
2. 2020 ഡിസംബറില്‍ ആസ്ത്രേലിയക്കെതിരേ അഡ്ലെയ്ഡിലായാണ് ഇന്ത്യ രണ്ടാം പിങ്ക് ബോള്‍ ടെസ്റ്റിനിറങ്ങിയത്. ഇന്ത്യന്‍ ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന ആ മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറായ 36 റണ്‍സിന് ഓള്‍ഔട്ടായതിന്റെ നാണക്കേട് ഇന്നും വിട്ടുപോയിട്ടില്ല.
3. 2021 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ തങ്ങളുടെ മൂന്നാം പിങ്ക് ബോള്‍ ടെസ്റ്റിനിറങ്ങി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തു.
4. 2022 മാര്‍ച്ചില്‍ ശ്രീലങ്കക്കെതിരേയായിരുന്നു ഇന്ത്യയുടെ അടുത്ത പിങ്ക ബോള്‍ ടെസ്റ്റ്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 238 റണ്‍സിന് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി.
5. 2024 ഡിസംബറില്‍ നടന്ന ഈ മത്സരത്തില്‍ 10 വിക്കറ്റിന് ആസ്ത്രേലിയ ജയിച്ചു.