ജയം പ്രതീക്ഷിച്ച് എവേ മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ മടക്കം. ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്.സിയോടാണ് മഞ്ഞപ്പട 2-4 എന്ന സ്കോറിന് തോറ്റത്. സുനിൽ ഛേത്രിയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ബംഗളൂരു മികച്ച ജയം നേടിയത്. മത്സരത്തിന്റെ അവാസന മിനുട്ട് വരെ ബ്ലാസ്റ്റേഴ്സ് പൊരുതി നോക്കിയെങ്കിലും പോരാട്ടത്തിൽ ജയിക്കാനായില്ല.
മത്സരം തുടങ്ങി എട്ടാം മിനുട്ടിൽ സുനിൽ ഛേത്രി കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിൽ പന്തെത്തിച്ചു. ആദ്യം തന്നെ ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന്റെ ബ്ലാസ്റ്റേഴ്സ് ശ്രദ്ധിച്ചു കളിച്ചു. എന്നാൽ 38ാം മിനുട്ടിൽ ബംഗളൂരിവിന്റെ രണ്ടാം ഗോളും ബ്ലാസ്റ്റേഴ്സിന്റെ വലയിലായി. റിയാൻ വില്യംസായിരുന്നു രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പുതിയ ഊർജവുമായി തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോൾ മടക്കിയെങ്കിലും പിന്നീട് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
56ാം മിനുട്ടിൽ ജീസസ് ജിമനസായിരുന്നു ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ മടക്കിയതോടെ ശക്തമായി പൊരുതിയ ബ്ലാസ്റ്റേഴ്സ് അധികം വൈകാതെ രണ്ടാം ഗോളും നേടി സമനില നേടി. എന്നാൽ സമനില അധികം നീണ്ടില്ല. 73ാം മിനുട്ടിൽ പെരേര ഡയസിന്റെ പാസിൽനിന്ന് സുനിൽ ഛേത്രി രണ്ടാം ഗോളും നേടി ലീഡ് നേടി. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു ഛേത്രിയുടെ മൂന്നാം ഗോൾ.
ഇതോടെ ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിക്കുകയായിരുന്നു. പിന്നീട് ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്സ് ശക്തമായ നീക്കങ്ങൾ നടത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. 11 മത്സരത്തിൽ 23 പോയിന്റുള്ള ബംഗളൂരു പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 11 മത്സരത്തിൽ നിന്ന് 11 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തുമുണ്ട്. 14ന് കാൽക്കത്തയിൽ മോഹൻ സൂപ്പർ ജയന്റ്സിനെതിരോയണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.