ഇന്ത്യ – ബംഗ്ലാദേശിന്റെ രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനം പൂര്‍ണമായും മഴയെടുത്തു. ഒരുപന്തു പോലുമെറിയാതെയാണ് അംപയര്‍മാര്‍ ഇന്ന് സ്റ്റംപെടുക്കാന്‍ തീരുമാനിച്ചത്. മഴ കുറഞ്ഞിരുന്നെങ്കിലും നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണമാണ് മത്സരം ആരംഭിക്കാനാവാതിരുന്നത്. ആദ്യ ദിനമായ ഇന്നലെ 35 ഓവര്‍ മാത്രമാണ് എറിയാനായത്. ഇതില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് നേടിയത്. 40 റണ്‍സുമായി മോമിനുല്‍ ഹഖും ആറു റണ്‍സുമായി മുഷ്ഫിഖുര്‍ റഹീമുമാണ് ക്രീസില്‍. സാക്കിര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (31) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും ആര്‍.അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഔട്ട്ഫീല്‍ഡിലെ നനവ് കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ രണ്ടാം സെഷന്‍ ആരംഭിച്ചതിനു പിറകെ വീണ്ടും മഴയെത്തുകയായിരുന്നു. ഇതോടെയാണ് ആദ്യ ദിനത്തെ മത്സരം അവസാനിപ്പിക്കാന്‍ അംബയര്‍മാര്‍ തീരുമാനിച്ചത്.
ആദ്യ ടെസ്റ്റിലെ ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയിട്ടുള്ളത്. ബംഗ്ലാദേശ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. നാഹിദ് റാണക്കും ടസ്‌കിന്‍ അഹ്മദിനും പകരം തൈജുല്‍ ഇസ്ലാമിനെയും ഖാലിദ് അഹ്മദിനെയും ടീമിലുള്‍പ്പെടുത്തി. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.