ഐ.സി.സി ചാംപ്യന്‍സ് ട്രോഫിക്ക് തുടക്കമാകാന്‍ ഇനി മൂന്ന് ദിനങ്ങള്‍ മാത്രമാണ് ബാക്കി. ഫെബ്രുവരി 19ന് ആതിഥേയരായ പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം.
ശക്തരായ ഓസ്‌ട്രേലിയ ഇത്തവണ വന്‍ പ്രതിസന്ധിയിലാണ് ചാംപ്യന്‍സ് ട്രോഫിക്കെത്തുന്നത്. ടീമിന്റെ നെടുംതൂണുകളായ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്‌റ്റോയിനിസ് തുടങ്ങിയവരൊന്നുമില്ലാതെയാണ് കംഗാരുക്കള്‍ ടൂര്‍ണമെന്റിനൊരുങ്ങുന്നത്.
അതിനിടെ കഴിഞ്ഞ രണ്ട് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളിലും ടീമിന് ഒരു ജയം പോലും നേടാനായിട്ടില്ലെന്നതും ടീമിനെ അലട്ടുന്നുണ്ട്. 2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് ആസ്‌ത്രേലിയ അവസാനമായി ജയം നേടിയത്. അന്ന് ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ചാംപ്യന്മാരായതിന് ശേഷം ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരം ജയിക്കാന്‍ ഓസീസിനായിട്ടില്ല.
2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കംഗാരുക്കള്‍ക്കായിരുന്നില്ല. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 48 റണ്‍സിന് പരാജയം. ന്യൂസിലന്‍ഡിനെതിരായ രണ്ടാം മത്സരം ഉപേക്ഷിക്കപ്പെട്ടു. ശ്രീലങ്കക്കെതിരായ മൂന്നാം മത്സരം 20 റണ്‍സിന് പരാജയപ്പെട്ടതോടെ ഓസീസ് സെമികാണാതെ പുറത്ത്. 2017ല്‍ തിരിച്ചുവരവിനൊരുങ്ങിയെത്തിയെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരവും ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരവും ഉപേക്ഷിക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 20 റണ്‍സിന് പരാജയപ്പെട്ടതോടെ തുടര്‍ച്ചയായ രണ്ട് ചാംപ്യന്‍സ് ട്രോഫികളില്‍ ഒരു ജയം പോലുമില്ലാതെ കംഗാരുക്കള്‍ മടങ്ങി.
ഈ ചീത്തപ്പേര് തിരുത്താനുറച്ചാവും സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തില്‍ ഓസീസ് ഇത്തവണയിറങ്ങുന്നത്. എന്നാല്‍ പ്രധാന താരങ്ങളുടെ അഭാവം അവര്‍ എങ്ങനെ മറികടക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. പരിചയസമ്പത്തില്ലാത്ത പേസ്‌നിരയെ വെച്ച് സ്മിത്തിന് ടീമിനെ എത്ര മുമ്പോട്ട് നീക്കാന്‍ കഴിയുമെന്നും കണ്ടറിയണം.