അടുത്ത സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കും
ജീക്‌സൺ സിങ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ് ബംഗാളിലേക്കാണ് താരം ചേക്കേറുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തിറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് ക്ലബ് വിടാൻ തീരുമാനിച്ച കാര്യം ജീക്‌സൺ പ്രഖ്യാപിച്ചത്. നിലവിൽ തായ്‌ലൻഡിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം പ്രീ സീസൺ പരിപാടികളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ജീക്‌സൺ ഉടൻ ഈസ്റ്റ് ബംഗാളിനൊപ്പം ചേരും.
തായ്‌ലൻഡിൽ ബ്ലാസ്റ്റേഴ്‌സിന് ഇനി ഒരു പ്രീ സീസൺ മത്സരംകൂടി ബാക്കിയുണ്ട്. അതിന് ശേഷമാകും താരം ഈസ്റ്റ് ബംഗാളിനൊപ്പം ചേരുക. റിസർവ് താരമായി കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ജീക്‌സൺ ഏറെക്കാലമായി ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ പ്രധാനിയാണ്. നിലവിൽ ഇന്ത്യൻ ദേശീയ ടീമിന്റെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് ജീക്‌സൺ.’ഇവിടെയാണ് ഞാൻ ആദ്യമായി ഐ.എസ്.എൽ കളിക്കാനിറങ്ങിയത്.
കരിയറിൽ ഞാൻ ഉയരങ്ങളിലെത്തിയത് ബ്ലാസ്റ്റേഴ്‌സിൽ കളിച്ചുകൊണ്ടാണ്. ക്ലബ്ബിലെ സഹതാരങ്ങൾ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എല്ലാവർക്കും നന്ദിയുണ്ട്. ആരാധകരാണ് ക്ലബ്ബിൽ എന്റെ വലിയ പ്രചോദനമായിട്ടുള്ളത്. അവർ ചെയ്ത എല്ലാ കാര്യങ്ങൾക്കും നന്ദി’ ജീക്‌സൺ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. കേരള ബ്ലാസ്‌റ്റേഴ്‌സിനായി 71 മത്സരങ്ങൾ കളിച്ച ശേഷമാണ് 23 കാരനായ താരം മടങ്ങുന്നത്. ക്ലബ്ബിനായി രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.
3.2 കോടി ട്രാൻസ്ഫർ തുക നൽകിയാണ് ഈസ്റ്റ് ബംഗാൾ ജീക്‌സണെ സ്വന്തമാക്കിയതെന്ന് ഖേൽ നൗ റിപ്പോർട്ട് ചെയ്തു. മെഡിക്കലിനും മറ്റു നടപടികൾക്കുമായി താരം ഉടൻ തന്നെ തായ്‌ലൻഡിൽനിന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഐ.എസ്.എല്ലിൽനിന്നുള്ള മറ്റു മൂന്നു ക്ലബുകളും ഇന്ത്യയിലെ മികച്ച മിഡ്ഫീൽഡറെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു എന്നാൽ മികച്ച തുക നൽകിയാണ് ഈസ്റ്റ് ബംഗാൾ ജീക്‌സണെ സ്വന്തം തട്ടകത്തിലെത്തിച്ചിട്ടുള്ളത്.
മൂന്ന് വർഷത്തെ കരാറാണ് താരത്തിന് നൽകിയിട്ടുള്ളത്. ആവശ്യമാണെങ്കിൽ കരാർ ഒരു വർഷം നീട്ടാനുള്ള ക്ലോസും കരാറിലുണ്ട്. പ്രതിവർഷം 2.5 കോടി രൂപയും ബോണസും ഉൾപ്പെടെ കരാർ കാലാവധിയിൽ താരത്തിന് ഏകദേശം 11 കോടിയോളും രൂപയാകും ഈസ്റ്റ് ബംഗാൾ നൽകേണ്ടി വരുക. ഇവാൻ വുകോമനോവിച്ചിന്റെ കീഴിൽ ആരാധകരുടെ പ്രിയങ്കരനും ബ്ലാസ്റ്റേഴ്‌സിലെ പ്രധാന കളിക്കാരനുമായി. മണിപ്പൂരിൽ ജനിച്ച മിഡ്ഫീൽഡർ 2017ലെ ഫിഫ അണ്ടർ17 ലോകകപ്പിലെ ഇന്ത്യൻ അണ്ടർ17 ടീമിന്റെ ഭാഗമായിരുന്നു. 2021 മാർച്ചിൽ ഒമാനെതിരെ ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചായിരുന്നു ദേശീയ ടീമിന്റെ ഭാഗമായത്.